representation image

അടിവാരത്ത് വളര്‍ത്തുമൃഗങ്ങളെ അജ്ഞാത ജീവി കടിച്ചുകൊല്ലുന്നു

കാട്ടാക്കട: അജ്ഞാത ജീവി അഗസ്ത്യവനത്തിലെ അടിവാരത്തെ ജനവാസമേഖലകളില്‍ വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊന്നു. കോട്ടൂർ ചമതമൂട് നിസാർ മൗലവിയുടെ വീട്ടിലെ ആടിനെ അ‍ജ്ഞാത ജീവി ആക്രമിച്ച് തലമുറിച്ച് കൊണ്ടുപോയി.

വ്യാഴാഴ്ച രാവിലെ തലയില്ലാതെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ആടിനെ കണ്ടെത്തിയതോടെ നാട്ടുകാരാകെ ഭീതിയിലായിരിക്കുകയാണ്. കാട്ടുപൂച്ചയെന്ന് വനം വകുപ്പ് പറയുമ്പോൾ ഇത്ര വലിയ ആടിനെ കൊല്ലുന്നതിനാൽ പുലിതന്നെയെന്നാണ് നാട്ടുകാർ പറയുന്നത്.

രണ്ടുദിവസം മുമ്പ് തൊട്ടടുത്ത കാവടിമൂലയിൽ റോഡരികത്ത് വീട്ടിൽ ഹാജയുടെ വീട്ടിൽ മൂന്ന് കൂടുകളിലായി ഉണ്ടായിരുന്ന വിവിധയിനത്തിലുള്ള കുഞ്ഞുങ്ങൾ ഉൾപ്പെടെ 29 കോഴികളെയും ആറ് പൂച്ചകളെയും ഏതോ ജീവി കൊന്നിട്ടനിലയിൽ കണ്ടിരുന്നു.

ഞായറാഴ്ച ചമതമൂടുതന്നെ ചന്ദ്രന്‍റെ ഗർഭിണിയായ ആടിനെ കടിച്ചുകൊന്നശേഷം വയറിലുണ്ടായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയതായി പറയുന്നു. ഒരാഴ്ച മുമ്പ് ശശിയുടെ രണ്ട് ആടുകളെയും കൊന്നിട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനുപുറമെ പല വീടുകളിൽനിന്നും കോഴികളെ കാണാതായതായും നാട്ടുകാർ പരാതി പറയുന്നു.

ഈ സംഭവങ്ങൾ ഉണ്ടായപ്പോഴെല്ലാം വനം വകുപ്പിന്‍റെ ആർ.ആർ.ടി സംഘമെത്തി പരിശോധന നടത്തിയിരുന്നു. കാട്ടുപൂച്ചയാണ് എല്ലായിടത്തും ജീവികളെ ആക്രമിക്കുന്നതെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.

വലിയ ആടിനെവരെ ഇവക്ക് കൊല്ലാനാകുമെന്നും ശരീരം അപ്പാടെ കൊണ്ടുപോകാൻ കഴിയാത്തതിനാലാണ് ഉപേക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

എന്നാൽ, അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ തുടര്‍ച്ചായി വളര്‍ത്തുമൃഗങ്ങളും പക്ഷികളും നഷ്ടപ്പെട്ട് നിർധനരായ നാട്ടുകാര്‍ കഷ്ടപ്പെടുമ്പോള്‍ അക്രമകാരിയായ ജീവിയെ പിടിച്ച് നാട്ടുകാരുടെ ഭീതി അകറ്റാൻ വനം വകുപ്പ് തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Tags:    
News Summary - In adivaram pets are being bitten by an unknown creature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.