കാട്ടാക്കട: സുരക്ഷ സംവിധാനങ്ങളില്ലാത്തതിനാൽ നെയ്യാര്‍ഡാം ജലസംഭരണിയില്‍ ഡി.ടി.പി.സി നടത്തിയിരുന്ന ബോട്ട് സവാരി നിറുത്തി. താനൂരിലെ ഒട്ടുംപുറം തൂവല്‍തീരത്ത് ബോട്ടപകടത്തെ തുടര്‍ന്ന് തിങ്കളാഴ്ച നടത്തിയ പരിശോധനയെതുടര്‍ന്നാണ് ഡി.ടി.പി.സി നടത്തിയിരുന്ന ബോട്ട് സവാരി നിര്‍ത്തലാക്കിയത്. നേരത്തേ, അഞ്ച് ബോട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ മൂന്നുപേർക്ക് കയറാവുന്ന ഒരു സ്പീഡ് ബോട്ട് മാത്രമാണ് സര്‍വിസ് നടത്തിയിരുന്നത്. മധ്യവേനലവധി തുടങ്ങിയതോടെ നെയ്യാര്‍ ഡാമിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു.
ഡി.ടി.പി. സിയുടെ ഇരട്ട എഞ്ചിനുള്ള ‘അമരാവതി’ അറ്റകുറ്റപ്പണികൾക്കായി ഒതുക്കിയിട്ട് വർഷങ്ങളായി. പിന്നാലെ, എൻജിൻ തകരാർ കാരണം സെമി സ്പീഡ് ബോട്ടും കട്ടപ്പുറത്തായി. ഇതിനിടെയാണ് കഴിഞ്ഞ മാർച്ചിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പേരിൽ മൂന്ന് സ്പീഡ്- സെമി സ്പീഡ് ബോട്ടുകൾക്ക് തുറമുഖ വകുപ്പിന്റെ വിലക്ക് വന്നത്. ബോട്ടുകൾക്ക് വാർഷിക സർവേ നടത്തിയിട്ടില്ലെന്നും ആവശ്യത്തിന് ലൈഫ് ജാക്കറ്റുകളില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് വിലക്ക് വന്നത്. തുടർന്ന് മാസങ്ങളായി ഒരു ബോട്ട് മാത്രമായിരുന്നു ജലാശയത്തിൽ ഓടിയത്. ഇപ്പോള്‍ അതിനും ഫിറ്റ്നസ് ഇല്ലെന്നാണ് ദുരന്തപിറ്റേന്ന് കണ്ടെത്തിയത്.
വനംവകുപ്പിന്റെതായി നാലുബോട്ടുകള്‍ ഇപ്പോള്‍ സര്‍വിസ് നടത്തുന്നുണ്ട്. അവക്ക് ഫിറ്റ്നസും ഇൻഷുറന്‍സും ഉള്ളതായും ബോട്ട്സര്വിസിന് വിലക്കില്ലെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.