കാട്ടാക്കട: ജില്ലയില്‍ ആദിവാസിവിഭാഗത്തിലെ വിദ്യാർഥികള്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്ന കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ ഉത്തരംകോട് ഇരുവേലി സര്‍ക്കാര്‍ ഹൈസ്കൂള്‍ അവഗണനയില്‍. പ്രീ കെ.ജി മുതല്‍ പത്താംതരം വരെ 450ഓളംപേർ പഠിക്കുന്ന സ്കൂളില്‍ പകുതിയിലേറെയും ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാർഥികളാണ്.
1977ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്ത പത്തോളം ക്ലാസ് മുറികളുണ്ടായിരുന്ന കെട്ടിടം യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതുകാരണം ഇന്ന് അപകടാവസ്ഥയിലാണ്. പ്രവേശന കവാടത്തില്‍ സ്ഥിതിചെയ്യുന്ന ഈ പഴയകെട്ടിത്തിന്റെ മേല്‍ക്കൂര പൊട്ടി ഓടുകള്‍ കാറ്റിൽ വീഴുകയാണ്. ഈ കെട്ടിടത്തിനു സമീപത്താണ് മറ്റ് ക്ലാസ് മുറികളും.
ഈകെട്ടിടം ജീർണാവസ്ഥയിലായതോടെ പൊളിച്ചു നീക്കണമെന്ന് നാട്ടുകാരും രക്ഷാകർത്താക്കളും പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ അധ്യയന വര്‍ഷം മുതൽ ഈ കെട്ടിടത്തിന് ഫിറ്റ്നസ് സര്ട്ടിഫിക്കറ്റില്ലാതെയായി. കാലവര്‍ഷവും പാണ്ടികാറ്റും പ്രദേശത്ത് ഭീകരമായ നാശമാണ് മുന്‍കാലങ്ങളില്‍ വിതച്ചത്.
കാലവര്‍ഷം ശക്തിപ്രാപിക്കും മുമ്പ് അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റിയില്ലെങ്കില്‍ വൻദുരന്തത്തിന് വഴിവെക്കാമെന്ന് നാട്ടുകാരും പൊതുപ്രവര്‍ത്തകരും ആശങ്കപ്പെടുന്നു. ജില്ലയില്‍ മലയോര പ്രദേശത്ത് തിളക്കമാര്‍ന്ന വിജയം നേടുന്ന സ്കൂളില്‍ മെച്ചപ്പെട്ട ക്ലാസ് മുറികളോ ശൗചാലയങ്ങളോ ഇല്ല.
സ്കൂളില്‍ പ്രവേശിക്കുന്നതിനായി സഞ്ചാരയോഗ്യമായ റോഡുപോലുമില്ലാത്ത അവസ്ഥയാണ്. പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയും നിറഞ്ഞ് ആവശ്യത്തിന് വീതിപോലുമില്ലാത്തതാണ് റോഡിന്റെ സ്ഥിതി. അഗസ്ത്യവനത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികൾക്ക് ഹൈസ്കൂള്‍ പഠനം ലക്ഷ്യമിട്ടാണ് ഉത്തരംകോട് ഇരുവേലി യു.പി സ്കൂള്‍ 2015ല്‍ ഹൈസ്കൂളാക്കി ഉയര്‍ത്തിയത്.
വനമേഖലയിലെ കുട്ടികൾക്ക് വിദൂര സ്ഥലങ്ങളിൽ പഠനം നടത്താൻ ബുദ്ധിമുട്ടായതും ഏഴാം ക്ലാസിനുശേഷം വനത്തിനുള്ളിലെ കുട്ടികള്‍ ഉപരിപഠനം നിര്‍ത്തുന്നതും കാരണം ഉത്തരംകോട് ഇരുവേലി യു.പി സ്കൂള്‍ ഹൈസ്കൂളാക്കി ഉയർത്തണമെന്ന ഏറെക്കാലത്തെ മുറവിളികള്‍ക്കൊടുവിലാണ് അന്ന് നടപടിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.