കാട്ടാക്കട: കിഫ്ബിയുടെ സഹായത്താല്‍ വനംവകുപ്പ് 105 കോടി മുടക്കി അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന കാപ്പുകാട് ആന പുനരധിവാസകേന്ദ്രം വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നുനല്‍കും. അഗസ്ത്യവനത്തിനോട് ചേർന്ന് നെയ്യാര്‍ ജലാശയത്തോട് അതിരുപങ്കിടുന്ന 176 ഹെക്ടർ വനപ്രദേശത്താണ് 50 ആനകളെവരെ പാർപ്പിക്കാനുള്ള സൗകര്യങ്ങളോടെ കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. ആനകളെ സ്വാഭാവിക ആവാസവ്യവസ്ഥയനുസരിച്ച് ഒറ്റക്കും കൂട്ടമായും പാർപ്പിക്കാവുന്ന സൗകര്യങ്ങളാണ് രൂപകൽപന ചെയ്തിട്ടുള്ളത്. രണ്ടു മുതൽ അഞ്ചുവരെ ഏക്കർ സ്ഥലമാണ് ഓരോ വാസസ്ഥലത്തിലും ഉൾപ്പടുത്തിയിരിക്കുന്നത്. ഓരോന്നിലും ഒന്നു മുതൽ നാലുവരെ ആനകൾക്കുള്ള കൊട്ടിലുകൾ, ജലസംഭരണികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഉരുക്കുവേലികളാണ് അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ളത്.
കുട്ടിയാനകൾക്കുള്ള പരിചരണമുറികളോടൊപ്പം അണുവിമുക്ത അടുക്കള, പാപ്പാന്മാർക്ക് 24 മണിക്കൂറും തങ്ങാനുള്ള സൗകര്യം, ഡോക്ടർക്കുള്ള മുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ആനകള്‍ക്കായി ഇന്ത്യയിലെ ആദ്യസംവിധാനമാണ് ഇവിടെ നിലവിൽ വരുന്നത്. ആനയൂട്ട് ഗാലറി, പൂരം ഗ്രൗണ്ട്, ആന മ്യൂസിയം, പഠന ഗവേഷണ കേന്ദ്രം എന്നിവ ഒരുക്കിയിട്ടുണ്ട്. ഇവിടേക്കുള്ള 1.7 കിലോമീറ്റർ വരുന്ന പഞ്ചായത്ത് റോഡ് ആധുനിക നിലവാരത്തിൽ കോൺക്രീറ്റ് ചെയ്തു. ആനകളെ അടുത്തറിയാനുള്ള ഏഷ്യയിലെ ആദ്യ പദ്ധതിയാണിത്.
കേന്ദ്രത്തിനുള്ളിലെ നെയ്യാര്ജലാശയത്തില് കുട്ടവഞ്ചി, ചങ്ങാടം, പെഡൽ ബോട്ടുകൾ എന്നിവയിൽ ഉല്ലസിക്കാനും ആദിവാസി ഊരുകളിലൂടെ വനസൗന്ദര്യം നുകർന്ന് സാഹസികയാത്രക്കും സൗകര്യമുണ്ട്. കോട്ടൂർ ഗ്രാമം ഒരു ടൂറിസം കേന്ദ്രമാകുന്നു എന്നതിനുപുറമെ ഇവിടത്തെ വനാശ്രിതകുടുംബങ്ങളുടെ തൊഴിൽ, സാമ്പത്തികം എന്നിവ മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ കഴിയും. വൈകീട്ട് നാലിന് കാപ്പുകാട് നടക്കുന്ന പരിപാടിയില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ ജി. സ്റ്റീഫന്‍, സി.കെ. ഹരീന്ദ്രന്‍, ഡി.കെ. മുരളി, രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.