കാട്ടാക്കട: റോഡുകളിലും പൊതുസ്ഥലങ്ങളിലും തമ്പടിക്കുന്ന തെരുവുനായ്ക്കൾ നാട്ടുകാരുടെയും യാത്രക്കാരുടെയും സ്വൈരം കെടുത്തുന്നു. കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോ, മൊളിയൂർ റോഡ്, ചന്ത ജങ്ഷൻ, മിനി സിവിൽ സ്റ്റേഷൻ, പൂവച്ചൽ, കുറകോണത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട്, കൊല്ലകോണം, കിള്ളി, കൊല്ലോട് തുടങ്ങിയ സ്ഥലങ്ങളിലാണ് നായ്ക്കൂട്ടം വിഹരിക്കുന്നത്.
കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്തുമാത്രം അന്‍പതോളം നായ്ക്കളാണ് ചുറ്റിത്തിരിയുന്നത്. കടകളിലും ഓഫിസുകളിലും വരെ പാഞ്ഞെത്തുന്ന നായ്ക്കള്‍ ജനങ്ങൾക്ക് പേടിസ്വപ്നമായിരിക്കുകയാണ്. കാട്ടാക്കട ചന്ത ജങ്ഷനിലെ നായ്ക്കൂട്ടം സ്കൂള്‍ കുട്ടികള്‍ക്കും യാത്രക്കാർക്കും ഭീഷണിയാണ്.
ചന്ത ജങ്ഷനിൽ നായെ പേടിച്ച് ജനങ്ങൾക്ക് നടക്കാനാകാത്ത സ്ഥിതിയാണ്. രാത്രി ചന്തയാണ് ഇവരുടെ താവളമെങ്കിലും പകൽ കടവരാന്തകളിലാണ് വിശ്രമം. സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്ക് പിന്നാലെ കുരച്ചടുക്കുന്ന നായകൾ മുതിർന്നവർ ഓടിച്ചാലും പിൻവാങ്ങില്ല. പൂവച്ചൽ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ചന്തയും സിവിൽ സ്റ്റേഷനും. പകൽ സിവിൽ സ്റ്റേഷൻ പരിസരത്ത് തമ്പടിക്കുന്ന നായ്ക്കൾ അവധി ദിനങ്ങളിൽ കെട്ടിടത്തിനുള്ളിലാണ് വാസം. അവധികഴിഞ്ഞ് ജീവനക്കാരും ജനങ്ങളും എത്തുമ്പോൾ പരിസരമാകെ വൃത്തിഹീനമായിരിക്കും. പട്ടണത്തിൽനിന്ന് മൊളിയൂർ റോഡ് വഴി യാത്രചെയ്യാനാകാത്ത സ്ഥിതിയാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നായ്ക്കൾ റോഡിൽ തമ്പടിക്കുന്നു. ബൈക്ക് യാത്രക്കാർക്ക് പിന്നാലെ ചാടുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു.
കാട്ടാക്കടയിലെ ആയൂര്‍വേദ മെഡിക്കൽ കോളജ്, സ്വകാര്യ ആശുപത്രി, സ്വകാര്യ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ ഒക്കെയുള്ള കിള്ളിയിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമാണ്. നായപ്പേടിയിൽ നാട് കഴിയുമ്പോൾ ഇവയുടെ വന്ധ്യംകരണം കൃത്യമായി നടക്കുന്നില്ലെന്ന പരാതി ശക്തമാണ്. കൃത്യമായ ഇടവേളകളിൽ വന്ധ്യംകരണം നടന്നിരുന്നെങ്കിൽ എണ്ണം പെരുകുന്നത് തടയാനാകുമായിരുന്നു.
കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളിൽ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രങ്ങളില്ല. ഇവയുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കും ആരോഗ്യ, മൃഗ സംരക്ഷണ വകുപ്പുകളുടെ പക്കലില്ല. 2022ൽ സമഗ്ര പേവിഷ നിയന്ത്രണ പദ്ധതി നടപ്പാക്കിത്തുടങ്ങിയെങ്കിലും ലക്ഷ്യം കാണാത്ത സ്ഥിതിയാണ്. പേവിഷ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയും കൃത്യമായി നടക്കുന്നില്ല. വാര്‍ത്തയാകുമ്പോഴും പ്രതിഷേധം ഉയരുമ്പോഴും നായ്ക്കളെ പിടികൂടുമെങ്കിലും ദിവസങ്ങള്‍ക്കകം വീണ്ടും തിരിച്ചുവരുന്ന സ്ഥിതിയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.