കാട്ടാക്കട: പൊലീസ് യൂനിഫോമിലെത്തി വ്യാപാരിയെ തോക്കുചൂണ്ടി വിലങ്ങുവച്ചു തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ആംബുലൻസ് ഡ്രൈവറും അറസ്റ്റിൽ. സിവിൽ പൊലീസ് ഓഫിസർമാരായ ഉഴമലയ്ക്കൽ ചിറ്റുവീട്ടുമുറിയിൽ പോങ്ങോട് മാവിള വീട്ടിൽ വി.വിനീത്(36), കുറുപുഴ ഇളവട്ടം വെമ്പ് വെള്ളൂർക്കോണം ശശി മന്ദിരത്തിൽ കിരൺകുമാർ(36) ആംബുലൻസ് ഡ്രൈവറായ വെള്ളനാട് വാളിയറ അരുവിക്കുഴി രവീന്ദ്ര ഭവനിൽ ആർ.അരുൺ(35)എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച നീല സ്വിഫ്റ്റ് കാറും കണ്ടെടുത്തു. കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നെടുമങ്ങാട് പഴകുറ്റി സ്വദേശി മുജീബിനെ പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് മുൻവശം പൊലീസ് വേഷം ധരിച്ചെത്തിയവർ കാര്‍ തടഞ്ഞത്. കാട്ടാക്കടയിലുള്ള ഗൃഹോപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന കടയടച്ച് വീട്ടിലേക്ക് പോകുകയായിരുന്നു മുജീബ്. കാറില്‍ കയറിയ സംഘം ഇ.ഡി ഉദ്യോഗസ്ഥരാണെന്നും അറസ്റ്റ് ചെയ്തുവെന്നും പറഞ്ഞു. സംശയംതോന്നിയ മുജീബ് നിലവിളിക്കുകയും കാറിന്റെ ഹോണ്‍ അമര്‍ത്തി ശബ്ദമുണ്ടാക്കി. ഇതിനിടെ പ്രതികള്‍ തോക്ക് ചൂണ്ടി മുജീബിന്റെ ഒരുകൈ സ്റ്റിയറിങ്ങിലും മറ്റേകൈ ഡോര്പിടിയിലുമായി വിലങ്ങുവച്ചു. നിര്‍ത്താതെയുള്ള ഹോണ്‍ കേട്ട് നാട്ടുകാര്‍ ഓടികൂടിയപ്പോഴേക്കും പ്രതികള്‍ കടന്നു. സംഭവമറിഞ്ഞ് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി വിലങ്ങഴിച്ചശേഷം മുജീബിനെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
പിടിയായ പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ടുപേരും അഞ്ച് മാസത്തിലേറെയായി സസ്പെന്‍ഷനിലാണെന്ന് ഡിവൈ.എസ്.പി പറഞ്ഞു. പിടിയിലായ പൊലീസ് ഉദ്യോഗസ്ഥര്‍ നെടുമങ്ങാട് ഗ്രാനൈറ്റ് കട നടത്തി കടകെണിയിലായി. കടം വീട്ടുന്നതിലേക്കായാണ് പലവഴികള്‍ നോക്കിയെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് വ്യാപാരിയെ തട്ടികൊണ്ടുപോകാൻ പദ്ധതിയിട്ടത്. സംഭവദിവസം വൈകിട്ട് മുതല്‍ തന്നെ പ്രതികള്‍ കാട്ടാക്കട തമ്പടിച്ചു. മുജീബ് കടയടച്ച് ഇറങ്ങാന്‍ ആരംഭിച്ചപ്പോള്‍ സംഘം പൂവച്ചല്‍ ഭാഗത്തേക്ക് തിരിച്ചു. പൂവച്ചല്‍ എത്തിയപ്പോള്‍ വാഹന പരിശോധന തുടങ്ങി. മുജീബിനെ തടഞ്ഞു നിര്‍ത്തി തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കാറിലുള്ള പണം തട്ടിയെടുക്കുക, തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രതികൾ പ്രവർത്തിച്ചതെന്നും ലക്ഷ്യം പാളുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.
പിടിയിലായ പൊലീസുകാരുടെ സുഹൃത്താണ് ആംബുലൻസ് ഡ്രൈവർ അരുൺ. ഇയാൾക്കും പൊലീസുകാർ പണം നൽകാനുണ്ട്. തട്ടിപ്പിൽ സഹായിച്ചാൽ കൂടുതൽ പണം നൽകാമെന്ന പ്രലോഭനത്തിൽ ഇയാളും കൃത്യത്തിൽ പങ്കുചേരുകയിരുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷണം പൂർത്തിയായാലേ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.