കാട്ടാക്കട: കുടിവെള്ള പൈപ്പുകളിടാന്‍ റോഡരികിലെടുത്ത കുഴികൾ ശരിയായി മൂടാത്തത് അപകടക്കെണിയാകുന്നു. പ്രധാന റോഡിനിരുവശങ്ങളിലും വെട്ടിപ്പൊളിച്ചും കുഴികളെടുത്തും പൈപ്പുകളിട്ടശേഷം ഒരു സുരക്ഷാമാനദണ്ഡവും പാലിക്കാതെയാണ് മണ്ണിട്ട് മൂടുന്നത്.
ഇത്തരത്തില്‍ തട്ടിപ്പ് മണ്ണിട്ടുമൂടല്‍ കാരണം വാഹനങ്ങള്‍ അപകടത്തിൽപെടുന്നത് പതിവാകുന്നു. മറ്റ് വാഹനങ്ങള്‍ക്ക് വശം കൊടുക്കുമ്പോഴും ബൈപാസ് റോഡുകളില്‍നിന്ന് പ്രധാന റോഡുകളില്‍ പ്രവേശിക്കുമ്പോഴുമൊക്കെയാണ് കൂടുതലും അപകടമുണ്ടാകുന്നത്.
റോഡ് സൈഡിലെ ടാര്‍ മുറിച്ചാണ് പലയിടത്തും കുഴികളെടുത്തത്. ഇവിടെ വാഹനങ്ങളുടെ ടയര്‍ കുഴിയിലേക്ക് ആണ്ടുപോകുന്ന സ്ഥിതിയാണ്. പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്ന വാഹനങ്ങളും ഇത്തരം ചതിക്കുഴികളിൽപെടാറുണ്ട്. കാട്ടാക്കട-തിരുവനന്തപുരം റോഡില്‍ നിരവധിയിടങ്ങളിലാണ് അപകടക്കെണികളായ കുഴികളും പൈപ്പിടാന്‍ ചാലുകളും നിര്‍മിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പെടുത്ത കുഴികൾ വെള്ളം നിറഞ്ഞും മണ്ണിടിഞ്ഞും അപകടക്കെണികളായിരിക്കുകയാണ്. ചിലയിടങ്ങളിൽ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നിടത്ത് മണ്ണിട്ട് നിറച്ചിരിക്കുന്നത് പ്രയോജനമില്ലാതാക്കുന്നു.
വാഹനങ്ങള്‍ക്ക് യാത്രചെയ്യാൻ പറ്റുന്നതരത്തിലാണോ നികത്തിയതെന്ന് ഉറപ്പുവരുത്താത്തതാണ് പ്രധാന പ്രശ്നം.
കാട്ടാക്കടനിന്ന് തലസ്ഥാനത്തേക്കുള്ള യാത്ര നടുവൊടിക്കുതിനിടയിലാണ് അപകടം വരുത്തുന്നനിലയില് കുഴികളെടുത്തിരിക്കുന്നത്. ജലജീവൻ മിഷനായി റോഡിന് ഇരുവശവും എടുത്ത കുഴിയാണ് റോഡ്യാത്ര കൂടുതൽ ദുരിതമാക്കിയത്. മഴ പെയ്തതോടെ പലയിടങ്ങളും കുഴികളും മണ്ണുകൂനകളുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.