കാട്ടാക്കട: കാട്ടാക്കട ടൗൺ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കുന്നതിന് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തനം ആരംഭിച്ചു. ഗതാഗതകുരുക്കിനാൽ ഏറെ ബുദ്ധിമുട്ട് നേരിടുന്ന കാട്ടാക്കട ജങ്ഷന്റെ വികസനം പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. 2020 - '21 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തുകയും കാട്ടാക്കട ടൗൺ വികസനത്തിനായി 100 കോടി അനുവദിക്കുകയും ചെയ്തിരുന്നു.
അതിർത്തി കല്ലിടലിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷതവഹിച്ചു.
ജി. സ്റ്റീഫന്‍.എം.എല്‍.എ, പൊതു മരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ സുധ എസ്, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ, വൈസ് പ്രസിഡന്റ് എസ്. ലതകുമാരി, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ എസ്. വിജയകുമാർ എന്നിവർ സംസാരിച്ചു. 2020 ൽ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും പ്രദേശത്തെ വ്യാപാരി വ്യവസായി പ്രതിനിധികൾ, െറസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരുടെ യോഗം ചേർന്ന് പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും കോസ്റ്റ് ഫോർഡ്, സി.എ.ടി കോളജ് എന്നിവയുടെ നേതൃത്വത്തിൽ പഠനങ്ങൾ നടത്തിയിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് ടൗൺ വികസനം നടപ്പാക്കാക്കുക.
ആദ്യ ഘട്ടമായി പ്രധാന റോഡിന്റെയും അനുബന്ധ നാല് റിങ് റോഡുകളുടെയും വികസനത്തിന് വേണ്ടി 41.46 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാവുകയും സ്ഥലമേറ്റെടുക്കുന്നതിന് കല്ലുകൾ സ്ഥാപിക്കുന്നതിന് 16.30 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭ്യമായി.
ഇതിന്റെ തുടർ നടപടികളുടെ ഭാഗമായാണ് ടൗൺ വികസനത്തിനാവശ്യമായ സ്ഥലമേറ്റെടുപ്പിനുള്ള അതിർത്തി കല്ലിടൽ ആരംഭിച്ചത്. എത്രയും വേഗം അതിർത്തി കല്ലുകൾ സ്ഥാപിച്ച് ആവശ്യമായ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കി കാട്ടാക്കട ടൗൺ വികസനത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.