കാ​ട്ടാ​ക്ക​ട കെ.​എ​സ്.​ആ​ർ.​ടി.​സി വാ​ണി​ജ്യ സ​മു​ച്ച​യം

കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോ അക്രമികളുടെയും ലഹരി കച്ചവടക്കാരുടെയും താവളം

കാട്ടാക്കട: കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയും വാണിജ്യസമുച്ചയ പരിസരവും അക്രമികളുടെയും ലഹരി കച്ചവടക്കാരുടെയും താവളമായിട്ടും പൊലീസ് എയ്ഡ് പോസ്റ്റ് അടഞ്ഞുതന്നെ. കഴിഞ്ഞദിവസം വിദ്യാർഥികൾ ചേരിതിരിഞ്ഞുനടത്തിയ അടിപിടി മണിക്കൂറോളം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പൊലീസ് എയ്ഡ് പോസ്റ്റ്‌ ഉണ്ടായിരുന്നെങ്കിൽ ഇത് തടയാമായിരുന്നു എന്നാണ് യാത്രക്കാരും വ്യാപാരികളും പറയുന്നത്.

പഴയ കെട്ടിടത്തിലെ എയ്ഡ് പോസ്റ്റിൽ രണ്ട് ഉദ്യോഗസ്ഥർ പതിവായി ജോലിക്കുണ്ടായിരുന്നു. എന്നാൽ വർഷങ്ങളായി പൂട്ടിയിട്ടിരുന്ന ഈ മുറി മറ്റാവശ്യങ്ങൾക്കായി അധികൃതർ ഉപയോഗിക്കുകയാണ്. ബസ് സ്റ്റാൻഡിൽ സാമൂഹികവിരുദ്ധരുടെ ശല്യവും പിടിച്ചുപറിയും പതിവാണ്. പൊലീസ് ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നുള്ള പരാതി നിലവിലുണ്ട്. ഇതോടൊപ്പം നിരോധിത പുകയില ഉൽപന്നങ്ങളും കഞ്ചാവും മദ്യവും വിൽക്കുന്നതായും വ്യാപാരികളും യാത്രക്കാരും പറയുന്നു. വാണിജ്യ സമുച്ചയത്തിലെ ഇടനാഴികളും പടിക്കെട്ടുകളും സാമൂഹികവിരുദ്ധരുടെ സങ്കേതമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിടുന്ന സമയങ്ങളിൽ പൊലീസ് സാന്നിധ്യം ഡിപ്പോയിൽ ഉണ്ടായാൽ സ്ഥിരമായി നടക്കുന്ന അക്രമസംഭവങ്ങൾ ഒഴിവാകും. അക്രമം നടക്കുന്നതായി യാത്രക്കാർ പൊലീസിൽ അറിയിച്ചാൽപോലും കാട്ടാക്കട പട്ടണത്തിലെ ഗതാഗതക്കുരുക്ക് കാരണം ജീപ്പെത്താൻ അര മണിക്കൂർ എടുക്കും. ഈ സമയത്തിനുള്ളിൽ അക്രമികൾ സ്ഥലംവിട്ടിരിക്കും. ചൊവ്വാഴ്ച ഉണ്ടായതും ഇതാണ്. ഡിപ്പോയിൽ സുരക്ഷാ ജീവനക്കാരുണ്ടെങ്കിലും സാമൂഹികവിരുദ്ധരെ നിയന്ത്രിക്കാൻ ഇവരെക്കൊണ്ട് മാത്രമാകില്ല. ചോദ്യം ചെയ്യുന്ന സുരക്ഷാ ജീവനക്കാർക്കും യാത്രക്കാർക്കും നേരെയുള്ള കൈയേറ്റവും പതിവാണ്. കഴിഞ്ഞദിവസം വിദ്യാർഥികള്‍ തമ്മിലുണ്ടായ തമ്മില്‍തല്ലില്‍ വ്യാപാരസ്ഥാപനത്തിന്‍റെ ഗ്ലാസ് വാതില്‍ ഉള്‍പ്പെടെ പൊട്ടിച്ചിരുന്നു. ഈ സംഭവത്തിനുശേഷം പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - KSRTC Kattakada Depot is a stronghold of drug dealers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.