കാട്ടാക്കട: നെയ്യാര്‍ഡാം വിനോദസഞ്ചാര കേന്ദ്രത്തിന്‍റെ പല കോണുകളിലും വനം വകുപ്പ് പുതുതായി സ്ഥാപിച്ച ബോര്‍ഡുകളിൽ 'സിംഹം' ഉണ്ട്. എന്നാൽ, ശരിക്കും സിംഹങ്ങളില്ല. സിംഹ സഫാരി പാർക്കിൽ ഇപ്പോഴുള്ളത് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽനിന്ന് പിടികൂടിയ അക്രമകാരികളായ രണ്ട് പുലികൾ മാത്രം.
അതും കൂട്ടിലടച്ച നിലയിൽ. നെയ്യാർ ഡാമിലെത്തുന്ന സഞ്ചാരികള്‍ക്ക് വിനോദത്തിലേര്‍പ്പെടാൻ നിരവധി കേന്ദ്രങ്ങളുണ്ടെങ്കിലും സിംഹ സഫാരി പാര്‍ക്കായിരുന്നു പ്രധാന ആകര്‍ഷണം.
നേരത്തേ 16 സിംഹങ്ങള്‍ വരെയുണ്ടായിരുന്നു. കോവിഡ് കാലത്ത്, 2021 ജൂൺ മൂന്നിനാണ് അവസാന സിംഹം ചത്തത്. സിംഹ സഫാരി പാര്‍ക്കിലേക്ക് സ്വാഗതം എന്നെഴുതിയ ബോര്‍ഡും അടച്ചിട്ടിരിക്കുന്ന ഗേറ്റും കണ്ട് മടങ്ങാം. ഇവിടേക്കുള്ള റോഡും കാടുമൂടി.
1984ൽ നാല് സിംഹങ്ങളുമായി നെയ്യാർഡാം മരക്കുന്നത്തെ 10 ഏക്കറുള്ള ദ്വീപിൽ തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെയും ഏഷ്യയിലെ രണ്ടാമത്തെയും സഫാരി പാർക്കാണിത്. 1985ൽ കാഴ്ചക്കാർക്ക് തുറന്നുകൊടുത്തു. 2003ൽ സിംഹങ്ങളുടെ വന്ധ്യംകരണം നടത്തിത്തുടങ്ങിയതോടെ പാര്‍ക്കിന് ശനിദശ തുടങ്ങി. പിന്നീട് ഓരോന്നായി ചത്തു. പുതിയ സിംഹങ്ങളെ കൊണ്ടുവന്നെങ്കിലും അവയും ചത്തു.
പാര്‍ക്ക് പൂട്ടുമെന്ന അവസ്ഥയായതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇതിനിടെ ഗുജറാത്തില്‍നിന്ന് സിംഹങ്ങളെ എത്തിക്കാൻ നടപടി ആരംഭിച്ചു. ഒരെണ്ണം ഡാമിലെത്തും മുമ്പും മറ്റൊന്ന് 2021 മേയിൽ സഫാരി പാർക്കിലും ചത്തു.
2021 ഡിസംബറിൽ സഫാരി പാര്‍ക്കിന്‍റെ അംഗീകാരം സെൻട്രൽ സൂ അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കി. ഇനി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്‍റെയും സെൻട്രൽ സൂ അതോറിറ്റി ഓഫ് ഇന്ത്യയുടെയും അനുമതിയില്ലാതെ തുറക്കാനാകില്ല എന്ന സ്ഥിതിയാണ്.
ഇതിനെതിരെ തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ അപ്പീൽ നൽകി. തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് സെക്രട്ടറി ഹിയറിങ് അനുവദിക്കുകയും 2022 ഏപ്രിലിൽ അപ്പീൽ കമ്മിറ്റി വാദങ്ങൾ കേൾക്കുകയും ചെയ്തു. എന്നാൽ, വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനമറിയിച്ചിട്ടില്ല.
സഫാരി പാര്‍ക്കില്‍ ഇനി സിംഹങ്ങളെത്തണമെങ്കില്‍ പാര്‍ക്കിന്‍റെ വിസ്തൃതി 20 ഹെക്ടറായി ഉയര്‍ത്തണം. അതിനുള്ള ശ്രമങ്ങൾ ഒച്ചിന്‍റെ വേഗത്തിലാണ്. നിര്‍ദിഷ്ട പാര്‍ക്കിനോട് ചേര്‍ന്ന 30 ഏക്കര്‍ സ്ഥലം സർവേ ചെയ്തെങ്കിലും തുടര്‍നടപടികളുണ്ടായില്ല.
കേന്ദ്ര സർക്കാറിന്‍റെ അനുമതി ലഭിക്കാത്തതിനാൽ സഫാരി പാര്‍ക്കില്‍ മിനി സൂ (ചെറിയ മൃഗശാല) കൊണ്ടുവരാനുള്ള ശ്രമവും നടന്നു. ഇതിനായി തമിഴ്നാട്ടില്‍നിന്ന് സിംഹങ്ങളെ എത്തിക്കാൻ ശ്രമമുണ്ടായെങ്കിലും പ്രാവർത്തികമായില്ല. മിനി സൂ ആയി പ്രവർത്തനം പുനരാരംഭിച്ചാലും മുമ്പത്തെപോലെ തുരുത്തിൽ കയറി സന്ദർശനം നടത്താൻ അനുമതി ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.