കാട്ടാക്കട: നാടിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് കാട്ടാക്കട. മാലിന്യമുക്തം എന്റെ കാട്ടാക്കട ജനകീയ ശുചീകരണ പദ്ധതിയുടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മണ്ഡലത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, ഹരിത കർമസേന എന്നിവരുടെ സഹകരണത്തോടെ ബഹുജന പങ്കാളിത്തം ഉറപ്പാക്കിയാണ് ഒരു മാസക്കാലം നീളുന്ന യജ്ഞത്തിന് രൂപം നൽകിയിരിക്കുന്നത്.
സെപ്റ്റംബർ 28ന് അവസാനിക്കുന്ന തരത്തിലാണ് ശുചീകരണപ്രവർത്തനങ്ങൾ. നാല് ആഴ്ചകളിലായി വിദ്യാർഥികൾ മുഖേന സ്കൂളുകളിലും പൊതുജനങ്ങളിൽനിന്ന് നേരിട്ടും ഹരിതകർമസേന മുഖേനയും ഇനം തിരിച്ച് ശേഖരിക്കുന്ന മാലിന്യം ഓരോ ആഴ്ചയിലെയും വെള്ളി, ശനി ദിവസങ്ങളിലായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ എത്തിച്ച് ക്ലീൻകേരള കമ്പനി മുഖേന നീക്കം ചെയ്യും. ഇതിനായി മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തിലും ഓരോ കലക്ഷൻ സെന്റർ സജ്ജീകരിച്ചിട്ടുണ്ട്.
മണ്ഡലത്തിലെ എല്ലാ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും ശുചിത്വമിഷൻ പരിശീലനം ലഭിച്ച കുടുംബശ്രീ റിസോഴ്സ് പേഴ്സൺമാരെ ഉപയോഗിച്ചും എ.ഡി.എസ് മുഖേനയും മാലിന്യശേഖരണ കാമ്പയിനെകുറിച്ച് ബോധവത്കരിച്ചു. മാലിന്യശേഖരണ കാമ്പയിനുമുന്നോടിയായി വാഹനപ്രചാരണം, നോട്ടീസ് അടക്കമുള്ള വലിയ രീതിയിലുള്ള ബോധവത്കരണ പരിപാടികളും ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. മാലിന്യ ശേഖരണത്തിൽ വിവിധ തലത്തിൽ മെച്ചപ്പെട്ട പ്രവർത്തനം നടത്തുന്നവർക്ക് ക്ലീൻ കേരള കമ്പനിയുടെ സഹായത്തോടെ പുരസ്കാരം നൽകുമെന്നും ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.