കാട്ടാക്കട: നെയ്യാര്‍ഡാം സിംഹ സഫാരി പാര്‍ക്കിലെ ആണ് സിംഹം നാഗരാജന് ചത്തനിലയില്‍. ഇനി പാര്‍ക്കില്‍ ശേഷിക്കുന്നത് ഇരുപത് വയസ്സോളമുള്ള അവശയായ പെണ്‍സിംഹം മാത്രം. പാർക്കിന് താഴുവീഴുന്ന ദിനങ്ങള്‍ അടുത്തു. ചൊവ്വാഴ്ച രാവിലെയോടെയാണ് പാർക്കിലെ സുരക്ഷാവേലിക്ക് സമീപം സിംഹത്തെ ചത്തനിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയായി കൂട്ടിൽ കയറിയിരുന്നില്ല. സിംഹം ചത്തത് കോവിഡ് ബാധമൂലമെന്ന സംശയവും ഉയര്‍ന്നു. ഇതിനെതുടര്‍ന്ന് നടപടിക്രമങ്ങളും സംസ്കാരവും പി.പി.ഇ കിറ്റ് അണിഞ്ഞശേഷമാണ് നടത്തിയത്.
ഒന്നരവര്‍ഷം മുമ്പ് ഗുജറാത്തിൽനിന്ന് കൊണ്ടുവന്ന ഒരു ജോടി സിംഹങ്ങളിൽ പെൺസിംഹം പാര്‍ക്കിലെത്തും മുമ്പ് ചത്തു. നാഗരാജന് അവശേഷിച്ചു. പാര്‍ക്കിലെ അന്തേവാസി പെണ്‍സിംഹം ബിന്ദുവായിരുന്നു കൂട്ട്. പ്രായക്കൂടുതലുള്ളതും ആരോഗ്യമില്ലാത്തതുമായ സിംഹ ജോടികളെയാണ് ഗുജറാത്തില്‍നിന്ന് എത്തിച്ചതെന്ന് അന്നേ ആക്ഷേപമുയര്‍ന്നിരുന്നു.
1984 ൽ നാല് സിംഹങ്ങളുമായി നെയ്യാർഡാം മരക്കുന്നത്തെ ദ്വീപിൽ തുടങ്ങിയ പാർക്ക് ഇന്ത്യയിലെ ആദ്യത്തെ സഫാരി പാർക്കാണ്. 16 സിംഹങ്ങള്വരെയുള്ള പ്രതാപകാലമുണ്ടായിരുന്നു. ഇതിനിടെ പാര്‍ക്കില്‍ കടുവകളെ എത്തിച്ച് ചികിത്സ തുടങ്ങിയതോടെ സിംഹങ്ങള്‍ക്കും അസുഖങ്ങള്‍ പിടിപെട്ടുതുടങ്ങി.
വയനാട്ടിൽനിന്ന് എത്തിച്ചതുള്‍പ്പെടെ രണ്ട് കടുവകള്‍ ഇവിടെയുണ്ട്. ഇതിലൊന്ന് കൂട്ടിൽനിന്ന് ചാടിപ്പോയത് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി. നീണ്ട തെരച്ചിലിനൊടുവില്‍ പ്രത്യേക ടീം പണിപ്പെട്ടാണ് ഇതിനെ പിടികൂടി കൂട്ടിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.