കാട്ടാക്കട: നെയ്യാറിന്റെ കര ഇടിയുന്നതിനാൽ കാട്ടാക്കട പഞ്ചായത്തിലെ കുച്ചപ്പുറം- കുന്നുംപുറം ഭാഗത്തെ 12 കുടുംബങ്ങൾക്ക് അപകട ഭീഷണിയില്‍. വീടുകളും റോഡും അപകടസ്ഥിതിയിലായിട്ടും സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം നടപ്പായില്ല.
സംരക്ഷണ ഭിത്തി പണിയാൻ 48 ലക്ഷം രൂപയുടെ അടങ്കൽ ജലസേചന വകുപ്പ് സാമ്പത്തികാനുമതിക്കായി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. രണ്ട് വർഷം മുമ്പ് പേമാരിയിലാണ് ഇവിടെ വലിയ തോതിൽ മണ്ണിടിഞ്ഞത്.
പിന്നാലെ പഞ്ചായത്ത് നടത്തിയ പരിശോധനയിൽ ഈ ഭാഗത്ത് സംരക്ഷണഭിത്തി പണിയണമെന്ന് നിർദേശിച്ചിരുന്നു. നെയ്യാർ ഒഴുകുന്നതിൽ നിന്നും 18 മീറ്ററോളം ഉയരമുള്ളതാണ് പ്രദേശം.
10 മീറ്ററോളം പൊക്കത്തിലും 100 മീറ്റർ നീളത്തിലും സംരക്ഷണ ഭിത്തി നിർമിച്ചാൽ മണ്ണിടിച്ചിൽ തടഞ്ഞ് റോഡും ഭൂമിയും സംരക്ഷിക്കാൻ കഴിയുമെന്ന് പഞ്ചായത്ത് കലക്ടർക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് പ്രദേശത്ത് സംരക്ഷണഭിത്തി പണിയാൻ നെയ്യാർ ഇറിഗേഷൻ പ്രോജക്ടിന് നിർദേശം നൽകിയത്.
രണ്ട് വർഷം മുമ്പ് ശക്തമായ ഒഴുക്കിൽ കുന്നുംപുറം സ്വദേശി ശോഭനയുടെ 12 സെന്റോളം ഭൂമി ഇടിഞ്ഞ് നെയ്യാറിൽ പതിച്ചു. വീട് ഉൾപ്പെടുന്ന അഞ്ച് സെന്റ് സ്ഥലവും അപകട ഭീഷണിയിലാണ്. മണ്ണിടിയുന്നത് കാരണം നിരവധി പേരുടെ കൃഷിയും നശിച്ചു. പഞ്ചായത്ത് തൊഴിലുറപ്പിൽ ലക്ഷങ്ങള്‍ ചെലവിട്ട് പണിത കോൺക്രീറ്റ് റോഡും തകര്‍ച്ചയുടെ വക്കിലാണ്. റോഡ് തകര്‍ന്നാല്‍ പ്രദേശത്തെ 50 ഓളം കുടുംബങ്ങൾ ഒറ്റപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.