കാട്ടാക്കട: കാട്ടാക്കട മിനി സിവിൽ സ്റ്റേഷനിലെ ഓഫിസുകളിലെത്താന്‍ ഭിന്നശേഷിക്കാരും വയോധികരും ബുദ്ധിമുട്ടുന്നു. നിരവധി സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനില്‍ മിക്കപ്പോഴും ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാറില്ല. ഇതുകാരണം താലൂക്ക് ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ്, സിവില്‍ സപ്ലൈസ് ഓഫിസ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവിടങ്ങളിലെത്തുന്ന ഭിന്നശേഷിക്കാരും വയോധികരും പ്രയാസപ്പെടുന്നു.
സിവില്‍ സ്റ്റേഷന് ശുചീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാൻ ചുമതലക്കാരില്ലാത്തതാണ് കെട്ടിടം നാശത്തിലേക്ക് നീങ്ങാൻ കാരണമെന്ന് ആക്ഷേപമുണ്ട്. 16 കോടി ചെലവിൽ ആറു നിലകളിലായി 53,025 ചതുരശ്ര അടിയിൽ നിർമിച്ച മിനി സിവില്‍ സ്റ്റേഷൻ കെട്ടിടത്തിൽ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്നുവര്‍ഷം പോലും ആയിട്ടില്ല. എന്നാല്‍, പതിറ്റാണ്ടിന്റെ പഴക്കമാണ് തോന്നിക്കുന്നത്.
കെട്ടിടം ചിലന്തിവലയും പൊടിപടലങ്ങളും പിടിച്ച് വികൃതമായി. തെരുവ് നായ്ക്കളുടെ താവളമായതോടെ ഇവിടെ എത്തുന്നവർ ഭീതിയിലാണ്. ഓരോ നിലയും ചപ്പുചവറുകൾ കൊണ്ട് നിറഞ്ഞു. ഇതു സംബന്ധിച്ച പരാതികള്‍ കേള്‍ക്കാനോ പരിഹരിക്കാനോ ആരുമില്ലാത്ത അവസ്ഥ.
കാട്ടാക്കട ചന്തക്കുള്ളിലൂടെ സിവില്‍ സ്റ്റേഷനിലേക്ക് പോകാൻ കഴിയുമെങ്കിലും ഇരുവശവും കാടുമൂടിയ വഴിയാണ്. ഇഴജന്തുക്കളും തെരുവുനായ്ക്കളും വിഹരിക്കുന്ന വഴിയിലൂടെ പേടിയോടെ മാത്രമേ നടക്കാനാകൂ. ഇതൊഴിവാക്കി പ്രധാന കവാടമുള്ള ഭാഗത്തേക്ക് എത്തണമെങ്കിൽ നെടുമങ്ങാട് റോഡിലൂടെ സഞ്ചരിച്ച് ശ്രീകൃഷ്ണപുരം റോഡിൽ കയറി വേണം പോകാൻ. നടക്കാൻ അവശതയുള്ളവർ ഓട്ടോക്കൂലി കരുതണം.
സിവില്‍ സ്റ്റേഷനില്‍ എത്തിയാല്‍ അപേക്ഷ നല്‍കാനും സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനും സര്‍ക്കാര്‍ ഓഫിസുകളിലെത്തണമെങ്കില് ചവിട്ടുപടി കയറണം. ഭിന്നശേഷിക്കാരും വയോധികരും സിവില്‍ സ്റ്റേഷനിലെത്തിയാൽ പെട്ടതുതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.