കാട്ടാക്കട: തെരുവുവിളക്കുകളും ഹൈമാസ്റ്റ് വിളക്കുകളും പ്രകാശിക്കാതെ കാട്ടാക്കടപ്രദേശം ഇരുട്ടിലായി. കാട്ടാക്കടനിന്ന് തിരുവനന്തപുരം-ബാലരാമപുരം റോഡ് തിരിയുന്ന ഭാഗത്തെ ഉയരവിളക്ക് പ്രകാശിക്കാതായിട്ട് ഒരുവർഷത്തോളമായിട്ടും അറ്റകുറ്റപ്പണിയില്ല.
കെ.എസ്.ആര്.ടി.സി ഡിപ്പോ കഴിഞ്ഞ് നെയ്യാറ്റിന്‍കര-തിരുവനന്തപുരം റോഡ്തിരിയുന്ന പ്രധാന ജങ്ഷൻ ആണിവിടം. വലിയ ആഘോഷത്തോടെയാണ് ഇവിടെ വിളക്ക് സ്ഥാപിച്ചത്. ഒരുവർഷം ആകും മുമ്പേ ബൾബുകൾ ഓരോന്നായി പ്രകാശിക്കാതായി.
റോഡിന് ഇരുവശവുമുള്ള വ്യാപാരസ്ഥാപനങ്ങളിലെ വിളക്കുകളിലെ പ്രകാശം മാത്രമാണ് ഇപ്പോഴുള്ളത്. എങ്കിലും റോഡ് ഇരുട്ടിലാണ്. രാത്രി വൈകി കടകൾ പൂട്ടുന്നതോടെ ഇവിടം പൂർണമായും ഇരുട്ടിലാകും. വിളക്ക് അറ്റകുറ്റപ്പണി നടത്തി പ്രകാശിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി പഞ്ചായത്തിനെയും കെ.എസ്.ഇ.ബിയെയും സമീപിച്ചിരുന്നു.
വിളക്ക് സ്ഥാപിച്ച് പരിപാലിക്കാൻ കരാറെടുത്തവരാണ് വിളക്കിന്റെ അറ്റകുറ്റപ്പണിയും നടത്തേണ്ടതെന്നും കരാർ കമ്പനിയെ കൊണ്ട് അറ്റകുറ്റപ്പണി നടത്തിക്കേണ്ടത് കാട്ടാക്കട ഗ്രാമപഞ്ചായത്താണെന്നും വൈദ്യുതി ബോർഡ് അറിയിച്ചതായി വ്യാപാരികൾ പറയുന്നു.
പഞ്ചായത്ത് ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും അവർ ആരോപിച്ചു. കാട്ടാക്കടയിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും നിരവധി വഴിവിളക്കുകള്‍ ഏറെനാളായി പ്രകാശിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.