കാട്ടാക്കട: വനിതകൾക്കായി ആരംഭിക്കാനിരുന്ന 'ഒപ്പം വനിതാ മന്ദിരം' കാടുകയറി. നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന 'ഒപ്പം' പദ്ധതിയുടെ ഭാഗമായാണ് കാട്ടാക്കട പഞ്ചായത്തിലെ കൊല്ലോട് വാർഡിൽ കോട്ടപ്പുറത്ത് വനിതാ മന്ദിരം പണിയാൻ പദ്ധതിയിട്ടത്.
കോൺഫറൻസ് ഹാൾ, സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കുന്നതിനുള്ള പരിശീലനകേന്ദ്രങ്ങൾ, മൂല്യ വർധിത ഉൽപന്നങ്ങൾ ഉപയോഗിച്ച് കരകൗശല വസ്തുക്കളും മറ്റും ഉണ്ടാക്കുന്നതിനുള്ള കേന്ദ്രം, സ്വയംതൊഴിൽ പരിശീലന സംവിധാനങ്ങൾ, കാത്തിരിപ്പ് കേന്ദ്രം എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു.
58.23 ലക്ഷം രൂപ െചലവഴിച്ച് പൂർണമായും മുളയിലാണ് കെട്ടിടം പണിയാൻ അനുമതിയായത്. 'കോസ്റ്റ് ഫോർഡി' നായിരുന്നു നിർമാണ ചുമതല. മൂന്ന് നിലകൾക്കുള്ള അടിസ്ഥാനത്തോട് കൂടിയതാണ് കെട്ടിടം.
2021 ഫെബ്രുവരിയിൽ പണി തുടങ്ങിയ മന്ദിരനിർമാണം അടിസ്ഥാന കമ്പിയില്‍ നിലച്ചു. ഇതോടെ പദ്ധതി പ്രദേശം കാടുകയറി. സർക്കാറിന്റെ സാമ്പത്തികപ്രതിസന്ധിയോടെ പദ്ധതിയുടെ ബില്ലുകൾ മാറാതായി കോസ്റ്റ് ഫോർഡ് പണി നിർത്തുകയായിരുന്നത്രെ.
ഇതിനോടുചേർന്ന വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റേതായി പൂർത്തിയാക്കിയ എസ്.ജി.എസ്.വൈ പദ്ധതിയിലെ കിള്ളി വിപണകേന്ദ്രവും പൂട്ടിയ നിലയിലാണ്. 2010-11 സാമ്പത്തികവർഷം അനുമതിയായി 2012 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്തതാണ് ഈ ഇരുനില മന്ദിരം. കുറച്ചുനാൾ കുടുംബശ്രീയുടെ പ്രവർത്തനം ഉണ്ടായിരുന്നെങ്കിലും പിന്നീട് പൂട്ടുകയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.