കാട്ടാക്കട: കള്ളിക്കാട്ഗ്രാമപഞ്ചായത്തിലെ നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനു മുന്നില്‍ തട്ടുകട നടത്തിയിരുന്ന പന്ത ശ്രീകുമാറാണ് കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ്. വിയർപ്പണിഞ്ഞ വഴിത്താരകൾ പിന്നിട്ട് നെയ്യാര്‍ഡാം വിനോദ സഞ്ചാരകേന്ദ്രമുള്പ്പെടുന്ന കള്ളിക്കാട് ഗ്രാമ പഞ്ചായത്തിന്റെ അധ്യക്ഷ സ്ഥാനത്തെത്തി സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിന്റെ മഹാത്മ പുരസ്കാരം നിറവിലെത്തി നിൽക്കുമ്പോഴും പന്ത ശ്രീകുമാറിന് അഭിമാനിക്കാന്‍ ജീവിതാനുഭവങ്ങളുടെ കൈത്തഴമ്പുകളേറെയാണ്. തട്ടുകടയില്‍ നിന്ന് കടുപ്പമേറിയ ചൂടുചായ നല്‍കുന്നതിനൊപ്പം സാധാരണക്കാരുടെ മനസ്സറിഞ്ഞ് അവര്‍ക്കൊപ്പം നിന്ന് പോരാടി നേടിയ വിജയമാണ് ശ്രീകുമാറിന്റെത്.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ഇടതു-വലതു മുന്നണികളെ അട്ടിമറിച്ച് എന്‍.ഡി.എയിലൂടെ പഞ്ചായത്ത് പിടിച്ചെടുത്ത് ശ്രീകുമാര്‍ അധ്യക്ഷ പദവിയിലെത്തിയതിന് പിന്നിൽ കഠിനാധ്വാനമുണ്ട്. എട്ടു വര്‍ഷം മുമ്പ് നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനു മുന്നില്‍ റോഡ് വക്കിലെ ഒരു ബങ്ക് കടയില്‍ തട്ടുകട തുടങ്ങി ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടെ, അവിടെ എത്തുന്നവരുടെ ആവലാതികളും വിഷമതകളും മനസ്സിലാക്കി അവര്‍ക്കൊപ്പം നിന്നതാണ് കരിപുരണ്ട തട്ടുകടയില്‍ നിന്ന് ഈ തിളങ്ങുന്ന വിജയത്തിനാധാരമായത്. പുലര്‍ച്ച നാലു മണിയോടെ ശ്രീകുമാര്‍ കട തുറക്കും. കാര്‍ഷികവിളകള്‍ വില്ക്കാന്പോകുന്നവരും കര്‍ഷകരും വിവിധയിടങ്ങളില്‍ ജോലി തേടിപ്പോകുന്നവരും പുലര്‍ച്ച നെയ്യാര്ഡാമിലെത്തും.
നെയ്യാര്‍ഡാമില്‍ നിന്ന് തിരിക്കുന്ന ആദ്യ ബസില്‍ യാത്രക്കായാണ് ഇവരെത്തുന്നതെങ്കിലും യാത്ര പുറപ്പെടും മുമ്പ് ശ്രീകുമാറിന്റെ കൈയില്‍ നിന്ന് ഒരു കപ്പ് ചൂടു ചായ കുടിച്ചശേഷമാണ് ബസിലേക്ക് കയറുന്നത്. ചായ നല്‍കുന്നതിനൊപ്പം ഇവിടെ എത്തുന്നവരോട് കുശലം പറയാനും ആവലാതികള്കേള്ക്കാനും അതിന് പരിഹാരത്തിനുമായി മുന്നിട്ടി റങ്ങിയതാണ് ഇന്ന് പഞ്ചായത്തിന്റെ പ്രഥമ പൗരനാക്കിയത്. പ്രത്യാശ പോലെ കഠിനാധ്വാനങ്ങൾക്ക് ഫലമുണ്ടാകുമെന്ന പ്രതീക്ഷയാണ് ആത്മ വിശ്വാസത്തിനുപിന്നിലും ശ്രീകുമാറിന് നേടിക്കൊടുത്തത്.
പിതാവ് മരിച്ചശേഷമാണ് ശ്രീകുമാര്‍ തട്ടുകട തുടങ്ങിയത്. തട്ടുകടയിലെ വരുമാനത്തിനിടയിലും നാട്ടുകാരുടെ കഷ്ടതകള്‍ക്ക് മുന്നില്‍ കണ്ണടയ്ക്കാതിരുന്ന ശ്രീകുമാര്‍ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ കാലാട്ടുകാവ് വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച് 111വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തട്ടുകട നടത്തുന്നതിനിടെ, നടത്തിയ കാരുണ്യ പ്രവര്‍ത്തനങ്ങളും സാന്നിധ്യവുമാണ് പൊതുസമ്മതനാക്കിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാന്‍ പലരും പിേന്നാട്ടടിച്ചപ്പോള് പി.പി.ഇ കിറ്റണിഞ്ഞ് മൃതദേഹം സംസ്കരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം നിന്നത് ഗ്രാമവാസികളുടെ ആശങ്കയകറ്റാന്‍ സാധിച്ചതായി നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.