കാട്ടാക്കട: പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ഒരു നാടിനെ ദുരിതത്തിലാക്കുന്നു. പൂവച്ചൽ പഞ്ചായത്തിലെ കട്ടക്കോട്, കരിങ്കോട്, പാറാംകുഴി, കാപ്പിക്കാട് തുടങ്ങിയ പ്രദേശങ്ങളാണ് മാനദണ്ഡം ലംഘിച്ചുള്ള പന്നിവളർത്തൽ കേന്ദ്രങ്ങളാൽ ദുരിതമനുഭവിക്കുന്നത്. ഇവിടേക്കെത്തിക്കുന്ന മാലിന്യമാണ് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നത്. മാലിന്യം നിറഞ്ഞ ജലസ്രോതസ്സുകളും, ശുദ്ധവായു ശ്വസിക്കാൻ കഴിയാത്ത സാഹചര്യവുമാണ്.
മാലിന്യവും പന്നിവളര്ത്തലുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുതൽ പ്രധാനമന്ത്രിക്കു വരെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. പഞ്ചായത്ത് ഓഫിസ് പടിക്കല്‍ സമരം നടത്തിയിട്ടും പരിഹാരമുണ്ടാകുന്നില്ല. പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളെ എതിർക്കുന്നവരെയും പരാതി കൊടുക്കുന്നവരെയും ഭീഷണിപ്പെടുത്തുകയാണ്.
കട്ടക്കോട് പ്രദേശത്ത് ഇരുപതിലധികം അനധികൃത പന്നിഫാമുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. വീട്ടുവളപ്പിലും പരിസരത്തും ഷെഡുകൾ കെട്ടി ചട്ടങ്ങള്‍ പാലിക്കാതെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്ക് മിക്കതിനും മതിയായ ലൈസൻസ് ഇല്ല. നഗരത്തിലെ അറവുശാലകളിൽനിന്നും കാറ്ററിങ് സ്ഥാപനങ്ങളിൽനിന്നും ഹോട്ടലിൽനിന്നും മാംസം ഉള്‍പ്പെടുന്ന മാലിന്യം കുന്നുകൂടി പ്രദേശമാകെ ദുർഗന്ധം വമിക്കുകയാണ്.
നഗരത്തിൽനിന്നു കൊണ്ടുവരുന്ന ഭക്ഷണ അവശിഷ്ടങ്ങൾക്കൊപ്പമുള്ള പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോളുണ്ടാകുന്ന പുക ഫാക്ടറികളില്‍ നിന്നുയരുന്നതിനെക്കാള് ഭീകരമാണ്. ആരോഗ്യവകുപ്പ്, തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ, ചില ജനപ്രതിനിധികൾ, രാഷ്ട്രീയക്കാർ എന്നിവരുടെ പിന്‍ബലത്തിലാണ് ആരെയും വകവെക്കാതെ ഫാമുകൾ മുന്നേറുന്നത്.
മഴയെത്തിയതോടെ പ്രദേശവാസികളുടെ ജീവിതം കൂടുതൽ ദുരിതമായി. കിണറുകളിൽ മലിനജലം ഒഴുകിയെത്തുകയാണ്. ജലസ്രോതസ്സുകള്‍ മുഴുവൻ മലിനമായി. ഫാമിന് സമീപത്ത് കുഴിവെട്ടി മലിനജലം കെട്ടി നിർത്തിയിരിക്കുന്നത് കാരണം പ്രദേശത്ത് സാംക്രമിക രോഗങ്ങൾ പടരാനുള്ള സാധ്യതയുമുണ്ട്.
പന്നി വളർത്തുന്നതിന് എതിരല്ലെന്നും ഫാമിലേക്കെത്തിക്കുന്ന മാലിന്യം കുന്നുകൂടിക്കിടക്കുന്നതും, കൂട്ടിയിട്ടിരിക്കുന്നവ പറവകള്‍ കൊത്തി കിണറുകളിലും മറ്റും നിക്ഷേപിക്കുന്നതും ദുര്‍ഗന്ധം വമിക്കുന്നതുമാണ് പ്രധാന പ്രശ്നമെന്നാണ് ഒരുവിഭാഗം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.