കാട്ടാക്കട: പൂവച്ചലിലെ അനധികൃത പന്നിവളർത്തൽ കേന്ദ്രങ്ങൾക്കെതിരെ നടപടി തുടങ്ങി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊലീസിന്റെ സഹായത്തോടെ കരിയംകോട് വാർഡിലെ മൂന്ന് പന്നി ഫാമുകളിലാണ് ചൊവ്വാഴ്ച ഒഴിപ്പിക്കൽ തുടങ്ങിയത്. ഇവിടങ്ങളിൽനിന്ന് കുട്ടികൾ ഉൾപ്പെടെ 42 പന്നികളെ ലോറിയിൽ എറണാകുളം കൂത്താട്ടുകുളം ഇടയാർ പ്രവർത്തിക്കുന്ന മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡിലേക്ക് കൊണ്ടുപോയി.
അടുത്തദിവസങ്ങളിലും നടപടി തുടരുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി. സനൽകുമാർ പറഞ്ഞു. പഞ്ചായത്ത്, പൊലീസ്, റവന്യൂ അധികൃതർ എന്നിവർ ഒരുമിച്ചാണ് ഫാമുകളിലെത്തിയത്. ഒഴിപ്പിക്കൽ തടയാനെത്തിയ ഫാം ഉടമകളായ ജ്ഞാനദാസ്, അജിത്, ഷൈൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയക്കുമെന്ന് പൊലീസ് പറഞ്ഞു.
ഒഴിപ്പിക്കൽ തുടങ്ങിയതോടെ പഞ്ചായത്ത് ഓഫിസ്പടിക്കൽ കർമസമിതി നടത്തിവന്ന ഉപവാസസമരം നിർത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.
പഞ്ചായത്തിലെ കരിയംകോട്, കാപ്പിക്കാട്, പൊന്നെടുത്തകുഴി തുടങ്ങിയ പ്രദേശങ്ങളിൽ നാട്ടുകാരുടെ സ്വൈരജീവിതത്തിന് ഭീഷണിയായി അനധികൃതമായി പ്രവർത്തിക്കുന്ന പന്നി ഫാമുകൾ പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തുകാർ സംഘടിച്ച് സമരം തുടങ്ങിയതോടെയാണ് പഞ്ചായത്ത് സർവകക്ഷി യോഗം വിളിച്ച് നടപടി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.