കാട്ടാക്കട: പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ സി.പി.എം പ്രസിഡന്‍റിനെതിരെ വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ ബി.ജെ.പിയും കൈകോര്‍ത്തു. അവിശ്വാസത്തിലൂടെ പ്രസിഡന്‍റ് സി.പി.എമ്മിലെ ടി. സനല്‍കുമാറിനെ താഴെയിറക്കി.
തിങ്കളാഴ്ച രാവിലെ ഗ്രാമപഞ്ചായത്ത് ഹാളില്‍ വെള്ളനാട് ബി.ഡി.ഒയുടെ അധ്യക്ഷതയില്‍ നടന്ന അവിശ്വാസ പ്രമേയചര്‍ച്ചയില്‍ കോണ്‍ഗ്രസിലെ ഏഴും ബി.ജെ.പിയിലെ ആറും ഒരു സ്വതന്ത്ര അംഗവും ഉള്‍പ്പെടെ 14 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.
ഇടതുമുന്നണിയിലെ ഒമ്പത് പേരും അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. കേവല ഭൂരിപക്ഷമില്ലാത്ത പ്രസിഡന്‍റിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയത്. അവിശ്വാസപ്രമേയ ചര്‍ച്ചയിലും പ്രസിഡന്‍രിനെതിരെ കോണ്‍ഗ്രസ് വീണ്ടും ആരോപണങ്ങള്‍ ഉയര്‍ത്തി. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ബി.ജെ.പിയും പ്രസിഡന്‍റിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.
കോണ്‍ഗ്രസിലെ അനൂപ് കുമാര്‍, കട്ടയ്ക്കോട് തങ്കച്ചന്‍, സൗമ്യ ജോസ്, അഭിലാഷ്, ബോബി അലോഷ്യസ്, ലിജു സാമുവേല്‍, അഡ്വ. രാഘവലാല്‍, സ്വതന്ത്ര അംഗം വത്സല എന്നിവരാണ് അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പിട്ട് നല്‍കിയത്.
പഞ്ചായത്തില്‍ ഉദ്യോഗസ്ഥരും കരാറുകാരുമാണ് ഭരണം നിയന്ത്രിക്കുന്നതെന്നും ഭരണസമിതി നിർജീവമെന്നുമുള്ള പരാതി രൂക്ഷമാകുന്നതിനിടെയാണ് പ്രസിഡന്‍റിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് അവിശ്വാസവുമായി എത്തിയത്. അടുത്ത ആഴ്ച തന്നെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കും. എസ്.സി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള പ്രസിഡന്‍റ് പദവിയ്ക്കായി ഇടതുമുന്നണിയില്‍ നിന്നും ടി. സനല്‍കുമാറും, കോണ്‍ഗ്രസില്‍ നിന്നും അനൂപ് കുമാറും മത്സരിക്കും. ബി.ജെ.പി വിട്ടുനിന്നാല്‍ വീണ്ടും സനല്‍കുമാര്‍ തന്നെ പ്രസിഡന്‍റാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.