കാട്ടാക്കട: വളരെ ആകർഷകമായിരുന്നു കുട്ടികളുടെ പാർക്ക്. നെയ്യാര്‍ഡാമില്‍ കുട്ടികള്‍ക്ക് പാര്‍ക്കുണ്ടായിരുന്നു എന്നു പറയുന്നതായിരിക്കും ശരി. പരിചരണമില്ലാതെ കളിക്കോപ്പുകള്‍ മിക്കതും തുരുമ്പെടുത്ത് നശിച്ചു. ശേഷിക്കുന്നവയില്‍ തൊട്ടാല്‍ ടെറ്റനസ് കുത്തിവെപ്പ് എടുക്കേണ്ട അവസ്ഥ. ഇവിടം കാടുകയറി തെരുവുനായ്ക്കളുടെ കേന്ദ്രമായി. കാടുമൂടി കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ താവളവുമാണ്.
കാട്ടുപന്നി, എലികള്‍, ഇഴജന്തുക്കള്‍ എന്നിവയൊക്കെയാണ് ഇവിടെ വിഹരിക്കുന്നത്. ടൈൽസ് പാകിയ ഇരിപ്പിടങ്ങളും കളിക്കോപ്പുകളുമൊക്കെ മാലിന്യവും മണ്ണും നിറഞ്ഞ് കിടപ്പാണ്. കുട്ടികളുമായി നെയ്യാര്‍ഡാമിലെത്തുന്ന സഞ്ചാരികള്‍ പാര്ക്കിനുപുറത്തുനിന്ന് കളിച്ചുമടങ്ങുന്നതാണ് നിലവിലെ കാഴ്ച.
തുടക്കകാലത്ത് കളിക്കോപ്പുകളുപയോഗിക്കാന് കുട്ടികളുടെ നീണ്ട നിരയായിരുന്നു. ഇത് നിയന്ത്രിക്കാന്‍ ഇറിഗേഷന്റെ ജീവനക്കാരും ഉണ്ടായിരുന്നു. കുട്ടികളുടെ തിക്കും തിരക്കും കാരണം പാര്‍ക്ക് വിപുലീകരിക്കുമെന്നും കൂടുതല്‍ റൈഡുകള്‍ എത്തിക്കുമെന്നുമൊക്കെയുള്ള പ്രഖ്യാപനങ്ങൾ പാഴ്വാക്കായി.
നെയ്യാര്‍ഡാമിൽനിന്ന് വിദൂര കാഴ്ചകള്‍ കാണാനായി ഒരു പവിലിയനുണ്ട്. ഇവിടെ കയറിയാല്‍ നീല ജലാശയവും നെയ്യാറിന്റെ പച്ചപ്പും ബൈനോക്കുലറിലൂടെ അത്യപൂര്‍വ പക്ഷികളും അപൂര്‍വ ഇനം ശലഭങ്ങളും കാട്ടാന, കാട്ടുപോത്ത്, മാനുകൾ എന്നിവയെയൊക്കെ കാണാം. എന്നാല്‍ പ്രവേശനകവാടത്തില്‍തന്നെ ഒരുപറ്റം തെരുവ് നായ്ക്കളുണ്ട്. ഇവയുടെ കണ്ണുവെട്ടിച്ചുവേണം പവിലിയനിലേക്ക് കടക്കാൻ.
നായ്ക്കളുടെ കടിയേറ്റ് പരിക്കേല്‍ക്കുന്ന സഞ്ചാരികളുടെ എണ്ണം ദിനവും കൂടുന്നു. നായ്ക്കളെ പിടികൂടാനോ തുരത്താനോ ഒരു നടപടിയും ഇല്ല. മദ്യക്കുപ്പികളും ആഹാരാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം നിറഞ്ഞ് ദുർഗന്ധപൂരിതമാണിവിടം. ശുചീകരണത്തിന് അടുത്ത കാലത്തൊന്നും ആരും വന്നുപോയിട്ടില്ല.
ഇവിടങ്ങളിൽ പ്രവേശിക്കാനും നെയ്യാര്ഡാമിലെവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താലും ഫീസ് നല്‍കണം എന്നതിനുമാത്രം മാറ്റമില്ല. കെ.ഡി.ടി.സിയുടെ ഹോട്ടലിൽ പലപ്പോഴും ചായ പോലും കിട്ടില്ല. പകരം പരിമിതമായ ഭക്ഷണസൗകര്യവും താമസസൗകര്യവും മാത്രം.
കുട്ടികളുടെ പാര്‍ക്കിനടുത്ത് കോടികള്‍ മുടക്കിയ ഫിഷറീസ് വകുപ്പിന്റെ അക്വേറിയമുണ്ട്. വര്‍ണമത്സ്യങ്ങളുടെ വിസ്മയലോകമെന്നാണ് അധികൃതരുടെ അവകാശവാദം. തലസ്ഥാനജില്ലയിലെ പ്രധാനപ്പെട്ടതും സ്റ്റാര്‍ഫിഷിന്റെ ആകൃതിയില്‍ നിര്‍മിച്ചതുമായ അക്വേറിയവും ശോച്യാവസ്ഥയിലാണ്. പ്രഭ മങ്ങിയ കെട്ടിടവും ആകര്ഷണമില്ലാത്ത മത്സ്യങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കാതെയായി.
നിര്‍മാണത്തിലെ ക്രമക്കടുകളും അഴിമതിയും കെട്ടടങ്ങിയിട്ടില്ല. അക്വേറിയത്തിന്റെ നടത്തിപ്പുള്‍പ്പെടെയുള്ള പല പ്രവര്‍ത്തനങ്ങളിലും ദുരൂഹത ആരോപിക്കുന്നുണ്ട്.
ദിവസവും നൂറുകണക്കിന് സഞ്ചാരികളെത്തുന്ന നെയ്യാര്‍ഡാമില്‍ പ്രാഥമികാവശ്യം നിറവേറ്റുന്നതിനും കുടിവെള്ളത്തിനുപോലും സൗകര്യമില്ല. ലക്ഷങ്ങള്‍ മുടക്കിയ ശൗചാലയത്തിലെ ദുര്‍ഗന്ധം വമിക്കുന്ന കക്കൂസുകളും പരിസരവും അറപ്പുളവാക്കുന്നു. രണ്ട് ദശാബ്ദം മുമ്പ് കുട്ടികളില്‍ ട്രാഫിക് അവബോധവും മാനസികോല്ലാസവും ലക്ഷ്യമിട്ട് തുടങ്ങിയ സൈക്കിള്‍ പാര്‍ക്കിന്റെ പൊടിപോലും ഇപ്പോള്‍ കണ്ടുപിടിക്കാനില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.