കാട്ടാക്കട: നെയ്യാര്‍ഡാം കാളിപാറ ശുദ്ധജലപദ്ധതി കേന്ദ്രത്തിന്റെ ചുറ്റുമതില്‍ തകര്‍ന്ന് സമീപത്തെ വീടിന് നാശം. കള്ളിക്കാട് കാളിപാറ സ്വദേശി ബിനുകുമാറിന്റെ വീട്ടിലേക്കാണ് വാട്ടര്‍ അതോറിറ്റിയുടെ മതില് തകര്‍ന്നുവീണത്. രണ്ടുദിവസമായി നിര്‍ത്താതെയുള്ള മഴയിലായിരുന്നു അപകടം. അശാസ്ത്രീയമായ ചുറ്റുമതിൽ നിർമാണമാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. രാവിലെ ബിനുവിന്റെ മക്കള്‍ വീടിനുമുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു മതില് നിലം പൊത്തിയത്. ഉഗ്രശബ്ദത്തോടെ മതില് മറിയുന്നത് കണ്ട് കുട്ടികള്‍ നിലവിളിച്ചുകൊണ്ട് വീട്ടിനുള്ളിലേക്ക് കയറിയതിനാല്‍ അപകടമൊഴിവായി.
കാട്ടുപോത്ത്, കാട്ടുപന്നി ഉള്‍പ്പെടെ വന്യമൃഗങ്ങളുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. ചുറ്റുമതിൽ അശാസ്ത്രീയമായാണ് നിര്‍മിച്ചതെന്നും യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്നും പൊതുപ്രവര്‍ത്തകര്‍ പറഞ്ഞു.
അപകടത്തിൽ വീടിന്റെ വരാന്തക്കും ചുവരുകള്‍ക്കും വിള്ളലുണ്ട്. അപകടാവസ്ഥയിലുള്ള മതിൽ ബലപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിരവധി തവണ വാട്ടര്‍ അതോറിറ്റി അധികൃതരെ സമീപിച്ചിരുന്നതായി ബിനുകുമാർ പറഞ്ഞു. കെട്ടിടത്തിന് ക്ഷതമേറ്റതിനാലും വന്യജീവികളുടെ പ്രവേശനവും കണക്കിലെടുത്ത് കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റിയതായി ഗ്രാമപഞ്ചായത്തംഗം സദാശിവന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.