കാട്ടാക്കട: ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച പൂവച്ചൽ ഗ്രാമപഞ്ചായത്ത് കോവിൽവിള വാർഡിലെ കുഴക്കാട് എൽ.പി സ്കൂൾ കെട്ടിടം ബിൽ മാറി ദിവസങ്ങള്‍ തികയുംമുമ്പേ പൊളിഞ്ഞു തുടങ്ങി. സ്കൂള്‍ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് കെട്ടിടത്തിന്റെ സീലിങ് പൊളിഞ്ഞു വീണുതുടങ്ങിയത്. മഴ സമയത്ത് ക്ലാസ് മുറികളില്‍ വെള്ളക്കെട്ടും രൂപപ്പെടുന്നു.
സ്കൂൾ നവീകരണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് പൂവച്ചൽ പഞ്ചായത്തിലെ കോവിൽവിള വാർഡിലെ കുഴക്കാട് എൽ.പി സ്കൂൾ നവീകരണത്തിന് എട്ടുലക്ഷം രൂപ അനുവദിച്ചത്. മൂന്നു ക്ലാസ് മുറികളുള്ള കെട്ടിടത്തിന് മേൽക്കൂര, സീലിങ് പെയിന്റിങ് എന്നിവക്കായാണ് പണം ചെലവിട്ടത്.
ഓട് മേഞ്ഞ കെട്ടിടം പൊളിച്ച് ഷീറ്റ് മേയാനും കെട്ടിടം പെയിന്റിങ് നടത്തുന്നതിനുമായിരുന്നു കരാർ. എന്നാൽ, പഴയ ചിതലെടുത്ത തടികള്വരെ നിലനിർത്തി നിലവാരം കുറഞ്ഞ ഷീറ്റും നിര്മാണസാമിഗ്രികളും ഉപയോഗിച്ചതാണ് തകര്‍ച്ചക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. കെട്ടിടത്തിന്റെ പലഭാഗവും ചോര്‍ന്നൊലിക്കുകയാണ്. രണ്ടു ലക്ഷം രൂപയുടെ പണിപോലും നടത്താതെ എട്ടു ലക്ഷം രൂപയാണ് ചെലവിട്ടതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
രണ്ടു മാസം മുമ്പ് കോവിൽവിള വാർഡ് അംഗം സ്കൂൾ കെട്ടിടത്തിലെ നവീകരണ പ്രവൃത്തികളിൽ അപാകത ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. അറ്റകുറ്റപ്പണികൾ നടക്കുന്നതിൽ അഴിമതിയുണ്ടെന്നും ഗുണമേന്മ കുറഞ്ഞ നിര്‍മാണ സാമഗ്രികളാണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു പരാതി. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സംഘം കെട്ടിടം സന്ദര്‍ശിച്ചു. എന്നാല്‍, ഇതിനുശേഷമാണ് കാരാറുകാരന് തുക അനുവദിച്ച് നല്‍കിയതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നു. നവീകരിച്ച കെട്ടിടത്തില്‍ കുട്ടികളെ പ്രവേശിപ്പിക്കാനാകില്ലെന്നും കാറ്റും മഴയും ശക്തമായാല്‍ കെട്ടിടം നിലംപൊത്താനിടയുണ്ടെന്നും രക്ഷാകർത്താക്കൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.