കാട്ടാക്കട: വേനല്‍ക്കാലത്ത് നഗരത്തിലേക്ക് നെയ്യാര്‍ഡാമില്‍നിന്ന് വെള്ളം എത്തിക്കാനുള്ള നടപടികളാരംഭിച്ചു. ആദ്യഘട്ടമായി പൈപ്പ്ലൈന് കടന്നുപോകുന്നിടത്ത് മണ്ണ് പരിശോധനയും തുടങ്ങി. ഡാമില്‍നിന്ന് കാട്ടാക്കട വഴി തലസ്ഥാനത്തേക്ക് പൈപ്പ് ലൈന്‍ കൊണ്ടുപോകുന്നതിനുവേണ്ടിയുള്ള സ്ഥലങ്ങളിലാണ് പരിശോധന ആരംഭിച്ചത്.
ഒന്നാം പിണറായി സര്‍ക്കാറിന്റെ ആദ്യവര്‍ഷം തലസ്ഥാനത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ടപ്പോള്‍ നെയ്യാര്‍ഡാമിലെ വെള്ളം കോട്ടൂര്‍ കുമ്പില്മൂട് തോടുവഴി കരമനയാറ്റിലും അതുവഴി അരുവിക്കരയിലും എത്തിച്ചാണ് ജലക്ഷാമം പരിഹരിച്ചത്. തുടര്‍ന്ന് കാലര്‍ഷം തുടങ്ങി അരുവിക്കരയില്‍ യഥേഷ്ടം ജലം ലഭിച്ചതോടെ നെയ്യാര്‍ഡാമിലെ താല്‍ക്കാലിക പദ്ധതി അവസാനിപ്പിച്ചു.
തുടര്‍ന്ന് 2017ലാണ് പ്രതിദിനം 120 ദശലക്ഷം ലിറ്റർ വെള്ളം തലസ്ഥാനത്തേക്ക് കൊണ്ടുപോകാനുള്ള വലിയ പദ്ധതി തയാറായത്. എന്നാല്‍ നെയ്യാര്‍ഡാമില്‍നിന്ന് പ്രധാന റോഡുവഴി വട്ടിയൂർക്കാവ് പി.ടി.പി നഗര്‍ വരെ പൈപ്പ്ലൈന് എത്തിക്കുന്നതിന് വെല്ലുവിളികള്‍ ഏറെയാകുമെന്നും ഇത് പ്രതിഷേധനങ്ങള്‍ക്ക് ഇടയാക്കുമെന്നുമുള്ള നിഗമനങ്ങളെ തുടര്‍ന്ന് പദ്ധതിയുടെ പ്രവര്‍ത്തനം തുടര്‍ന്നുപോയില്ല.
ഇതിനിടെ റയില്‍ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക്സ് സർവിസ് നെയ്യാര്‍ഡാമില്‍നിന്ന് തലസ്ഥാനത്തേക്ക് പൈപ്പ് ലൈന്‍ എത്തിക്കുന്നതിനുവേണ്ടിയുള്ള രൂപരേഖ തയാറാക്കി. ഇടറോഡുകളെ പരമാവധി പ്രയോജനപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. റോഡില്‍ തുരങ്കങ്ങളും പൈപ്പ് ലൈന്‍ പാലവുമൊക്കെ നിര്‍മിക്കാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.