കാട്ടാക്കട: ക്ഷേത്രവളപ്പിലിരുന്ന് ഫോണിലൂടെ ഓൺലൈൻ ക്ലാസ് കാണുകയായിരുന്ന പ്ലസ് വൺ വിദ്യാർഥികളെ പൊലീസ് മർദിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ഡി.ജി.പിയോടും ജില്ല പൊലീസ് മേധാവിയോടും റിപ്പോർട്ട് തേടി നോട്ടീസ് നൽകിയതായി കമീഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ പറഞ്ഞു. കുട്ടികളുടെ ശരീരത്തില്‍ അടിയുടെ പാടുകളുണ്ട്. കുട്ടികളെ തല്ലിയിട്ടില്ലെന്ന പൊലീസ് വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ സംഭവമുണ്ടായ അഞ്ചുതെങ്ങിൻമൂട് യോഗീശ്വരസ്വാമി ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാർ പൊലീസിനെ ന്യായീകരിച്ച് രംഗത്തെത്തി. ക്ഷേത്രപരിസരത്ത് സമൂഹികവിരുദ്ധ ശല്യം ഉണ്ടായിരുന്നതായി 2020 ഡിസംബറിൽ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നതായി സബ്ഗ്രൂപ് ഓഫിസർ പറഞ്ഞു. പരാതി അനുസരിച്ച് കഴിഞ്ഞ ശനിയാഴ്ചയും ഇവിടെ പൊലീസ് എത്തിയിരുന്നു. എന്നാൽ, ആരെയും പിടികൂടാനായിരുന്നില്ലെന്നും അവർ പറയുന്നു. എന്നാൽ, സമൂഹിക വിരുദ്ധരായി ചിത്രീകരിച്ച് കുട്ടികളെ കേസിൽ കുരുക്കാൻ ശ്രമം നടക്കുന്നുവെന്ന് ആക്ഷേപമുണ്ട്. അതിനിടെ കേസ് ഒത്തുതീർപ്പാക്കാൻ പൊലീസിെൻറ ഭാഗത്തും നീക്കം നടക്കുന്നുണ്ടത്രെ.
ക്രിമിനലുകളോടുപോലും കാട്ടാത്ത ക്രൂരതയാണ് പൊലീസ് കുട്ടികളോട് കാട്ടിയതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഇവരെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം ബി.ജെ.പി. പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നടപടി ന്യായീകരിക്കാനാവില്ലെന്ന് ഐ.ബി. സതീഷ് എം.എൽ.എ. പറഞ്ഞു. മർദനമേറ്റ കുട്ടികളെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അകാരണമായി കുട്ടികളെ ഉപദ്രവിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.