കാട്ടാക്കട: വിറകുവെട്ട്, കിണര്‍ കുഴിക്കൽ, മില്ലില്‍ കൂറ്റന്‍ തടികളുടെ കയറ്റിറക്ക്, പെയിൻറിങ്, സൈക്കിളില്‍ സഞ്ചരിച്ച് പപ്പടം വിതരണം...ഏത് ജോലിക്കും വൈകല്യം തടസ്സമല്ല ഈ യുവാവിന്. വലതുകൈ പൂർണമായും നഷ്ടപ്പെട്ട കാട്ടാക്കട എസ്.എന്‍ നഗർ വീരേന്ദ്ര ഹൗസില്‍ വീരേന്ദ്രകുമാരപിള്ളയാണ് (40) വൈകല്യത്തെ തോല്പിച്ച് കഠിനമായ ഏതു ജോലിയും ചെയ്യുന്നത്. കോളജ് വിദ്യാഭ്യാസകാലത്ത് വാഹനാപകടത്തിലാണ് വീരേന്ദ്രന് കൈ നഷ്ടപ്പെട്ടത്. പ്രീഡിഗ്രി-ഡിഗ്രി വിദ്യാഭ്യാസകാലത്ത് വിദ്യാർഥി യൂനിയനുകളില്‍ സജീവമായിരുന്നു. കോളജ് പഠനം പൂര്‍ത്തിയാക്കിയശേഷമാണ് അന്നത്തിന് വകകണ്ടെത്താന്‍ ഏത് ജോലിയും ചെയ്യാന്‍ തയാറായി വീരേന്ദ്രന് ഇറങ്ങിയത്.
ഇതിനിടെ 2005 മുതലുള്ള അഞ്ച് വര്‍ഷം പൂവച്ചല്‍ ഗ്രാമപഞ്ചായത്തില്‍ ജനപ്രതിനിധിയായും പ്രവർത്തിച്ചു. നാട്ടിലെ ഒരു വ്യാപാരിയുടെ ആവശ്യത്തിനായി ബസില്‍ കോയിൽപെട്ടിയില്പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. എതിരെ വന്ന ലോറി ബസിലിടിക്കുകയായിരുന്നു. അപകടത്തെതുടര്‍ന്ന് മാസങ്ങളോളം ചികിത്സക്ക് വിധേയനായി. വലതുകൈ നഷ്ടമായതോടെ ആദ്യം ഇടതുകൈകൊണ്ട് അക്ഷരങ്ങളെഴുതാന്‍ പരിശീലിച്ചു. തുടര്‍ന്ന് വീരേന്ദ്രന് കഠിനമായ ജോലികൾ വരുതിയിലാക്കി. പഠനത്തിനൊപ്പം ചെലവുകള്‍ കണ്ടെത്തുന്നതിന് ആദ്യം തെരഞ്ഞെടുത്തത് പത്രവിതരണമായിരുന്നു. തുടര്‍ന്ന് പപ്പടവിതരണവും കൂടിയായി. ഇതിനിടെ കോളജ് വിദ്യാഭ്യാസകാലത്തെ കൂട്ടുകാരിയായ സരിതയെ ജീവിതസഖിയാക്കി. പിന്നീട് വീട്ടിനടുത്തെ ഈര്‍ച്ച മില്ലില്‍ ജോലിക്കാരനായി. ലോറികളില്‍ വരുന്ന തടികള്‍ ഉരുപ്പടിയാക്കുന്ന ജോലിയായിരുന്നു. പിന്നീട് തടികളുടെ കയറ്റിറക്ക് തൊഴിലാളിയായി. മുറിച്ചിടുന്ന തടികള്‍ യഥേഷ്ടം വാഹനത്തില്‍ കയറ്റുന്നതിനും വീരേന്ദ്രെൻറ കൈകള്‍ വഴങ്ങി. ഈര്‍ച്ചമില്ലിലെ ജോലി കുറഞ്ഞതോടെ കെട്ടിടങ്ങളുടെ പെയിൻറിങ് ജോലിയിലായി.
നാട്ടിലെ വിവാഹങ്ങള്‍ക്കും ഹോട്ടലുകളിലെ അടുക്കളയിലേക്കും ആവശ്യമായ വിറക് കോടാലികൊണ്ട് വെട്ടി നല്കുന്ന ജോലിയും തുടര്‍ന്നു. കിണര്‍ കുഴിക്കുന്ന ജോലിയിലും കൈെവച്ചു. നിരവധി കിണറുകളാണ് ഇതിനകം കുഴിച്ചത്. നിരവധി പി.എസ്.സി പരീക്ഷകളും എഴുതി. ഇതിനിടെ കണ്ടിൻജൻറ് ജീവനക്കാരനായി ജോലി കിട്ടിയോടെ അവധി ദിവസങ്ങളിൽ മറ്റ് കൂലിപ്പണികൾക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.