കാട്ടാക്കട: കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂര്‍ ആയുര്‍വേദ ആശുപത്രിയിലെ കിടത്തിചികിത്സ വാര്‍ഡ് പൂട്ടി. കെട്ടിടത്തിന്റെ മേല്ക്കൂരയുെട അറ്റകുറ്റപ്പണികള്ക്കായാണിത്. 20 രോഗികളെ ഉൾക്കൊള്ളുന്ന ഷീറ്റിട്ട കെട്ടിടം ഏറെ നാളായി ചോര്‍ച്ചയിലായിരുന്നു. മഴക്കാലത്ത് വാര്‍ഡില്‍ വെള്ളം കെട്ടിനില്ക്കുകയും കെട്ടിടത്തിലെ ചുവരുകളില്‍ വൈദ്യുതി പ്രവഹിക്കുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് ഭാരതീയ ചികിത്സാകേന്ദ്രം മേല്‍ക്കൂര മാറ്റുന്നതിനായി എട്ട് ലക്ഷം രൂപ അനുവദിച്ചത്.
മാസങ്ങള്‍ക്ക് മുമ്പ് പണം അനുവദിച്ചെങ്കിലും തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാല്‍ രണ്ടാഴ്ച മുമ്പാണ് നിര്‍മാണജോലികള്‍ ആരംഭിച്ചത്. വന്യമൃഗങ്ങളേറെയുള്ളതും കുരങ്ങുശല്യം രൂക്ഷമായതുമായ പ്രദേശത്തുള്ള കെട്ടിടത്തില്‍ മേന്മയുള്ള ഷീറ്റിടാനാണ് പദ്ധതി തയാറാക്കിയത്.
എന്നാല്‍ നിലവാരം കുറഞ്ഞ ഷീറ്റുകള്‍ എത്തിച്ച് ജോലികള്‍ തുടങ്ങുകയായിരുന്നു. ഇതിനിടെ ആശുപത്രി അധികൃതരും നാട്ടുകാരും രംഗത്തെത്തിയതോടെ ഇവ കരാറുകാരന് തിരികെ കൊണ്ടുപോയി. ഇതോടെ നിര്‍മാണ ജോലികള്‍ വൈകുകയും വേനല്‍മഴ തുടങ്ങുകയും ചെയ്തു. തുടർന്നാണ് വാര്‍ഡിലെ കിടത്തി ചികിത്സ പൂര്‍ണമായും അവസാനിപ്പിച്ചത്.
ഇപ്പോള്‍ പേവാര്‍ഡില്‍ മാത്രമാണ് കിടത്തി ചികിത്സ. അഗസ്ത്യവനത്തോട് ചേര്‍ന്ന് മലിനീകരണങ്ങളൊന്നുമില്ലാതെ ആയുര്‍വേദത്തിന് മികച്ച ചികിത്സ നല്കാന് പറ്റുന്ന കോട്ടൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവും നൂറിലേറെ രോഗികളാണ് എത്തുന്നത്. ആദിവാസികൾ ഉൾപ്പെടെ ദിനവും നിരവധി പേര് ചികിത്സ തേടിയെത്തുന്ന ഇവിടെ കിടത്തിചികിത്സവിഭാഗം മെച്ചപ്പെടുത്തുന്നതിന് നിരവധി പദ്ധതികള്‍ തയാറാക്കിയെങ്കിലും ഒന്നും യാഥാർഥ്യമായില്ല.
കുറ്റിച്ചൽ പഞ്ചായത്തിലാണെങ്കിലും സമീപത്തെ ആര്യനാട്, പൂവച്ചല്‍, കള്ളിക്കാട്, കാട്ടാക്കട പഞ്ചായത്തുകളിൽ നിന്നുൾപ്പെടെയുള്ളവരാണ് ഇവിടെ ചികിത്സക്കെത്തുന്നത്. രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് സൗകര്യങ്ങൾ വർധിപ്പിച്ച് 50 കിടക്കകളുള്ള കാട്ടാക്കട താലൂക്കിലെ മലയോര ആയുര്‍വേദ ആശുപത്രിയായി കോട്ടൂര്‍ ആയുര്‍വേദ ആശുപത്രി ഉയർത്തണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ സർക്കാറിന് നൽകിയെങ്കിലും പരിഗണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.