കാട്ടാക്കട: റേഷൻ വാങ്ങാനെത്തിയ യുവാവ് ഇപോസ് യന്ത്രം പ്രവർത്തിക്കാത്തതിന് റേഷന്‍കട ജീവനക്കാരിയെ മര്‍ദിച്ചു. പൂവച്ചൽ പരുത്തിപ്പള്ളി തേവൻകോട് എ.ആർ.ഡി 188 കടയിലെ ജീവനക്കാരി കുറ്റിച്ചൽ കല്ലറത്തോട്ടം ആർ.കെ നിവാസിൽ സുനിതക്കാണ് (35) മർദനമേറ്റത്.
തേവൻകോട് സ്വദേശി ദീപുവിനെ നെയ്യാർഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. തിങ്കളാഴ്ച രാവിലെയും ദീപു റേഷൻ വാങ്ങാൻ വന്നിരുന്നതായും അപ്പോഴും മെഷീന് തകരാര്‍ കാരണം റേഷന്‍ കിട്ടാതെ മടങ്ങിയതായും പറയുന്നു. വൈകീട്ട് വീണ്ടും വന്നപ്പോൾ സെർവർ തകരാർ കാരണം ഇപോസ് യന്ത്രം പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ റേഷൻ നൽകാൻ കഴിയില്ലെന്നും സുനിത പറഞ്ഞു.
ഇതില്‍ പ്രകോപിതനായാണ് മർദിച്ചത്. തുടര്‍ന്ന് ബോധരഹിതയായി നിലത്തുവീണ സുനിതയെ അടുത്തുള്ള വ്യാപാരികള്‍ ആശുപത്രിയിലാക്കുകയായിരുന്നു. സുനിതയുടെ ഭർത്താവ് എ. രജിയുടെ ലൈസൻസിയിലുള്ള റേഷൻ കടയാണിത്. റേഷന്‍ കടയിലെ തൊഴിലാളിയെ മർദിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കാട്ടാക്കട താലൂക്കിലെ മുഴുവൻ റേഷൻ കടകളും അടച്ചിടുമെന്ന് റേഷൻ വ്യാപാരികളുടെ സംഘടന നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.