വായ്‌പ തരപ്പെടുത്തി പണംതട്ടുന്ന സംഘം ഗ്രാമീണ മേഖലയിൽ പിടിമുറുക്കുന്നു

കാട്ടാക്കട: വായ്‌പ തരപ്പെടുത്തി കൊടുത്ത ശേഷം പണം തട്ടിയെടുക്കുന്ന സംഘം ഗ്രാമീണ മേഖലയിൽ പിടിമുറുക്കുന്നു. മാസങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് ഇത്തരം സംഘങ്ങളുടെ തട്ടിപ്പിനിരയായത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി വായ്പ തരപ്പെടുത്തിക്കൊടുത്താണ് വായ്പാ മാഫിയ ആളുകളെ വലയിലാക്കുന്നത്.

മകളുടെ വിവാഹാവശ്യത്തിന് പണം കണ്ടെത്താന്‍ ശ്രമിച്ച വീരണകാവ് സ്വദേശി പോൾ സാമുവൽ ഏഴര ലക്ഷം രൂപ വായ്പയെടുത്തപ്പോൾ സാമുവേലില്‍ നിന്ന്​ സംഘം തട്ടിയെടുത്തത് നാലര ലക്ഷം രൂപയാണ്. തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയതോടെ പൊലീസിലും മുഖ്യമന്ത്രിക്കും ഉൾപ്പടെ പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് നിർധന കുടുംബാംഗമായ പോള്‍ സാമുവേല്‍.

വായ്പ തരപ്പെടുത്തി കുടിശ്ശിക തീർത്തുതരാമെന്ന് പറഞ്ഞവർ പണം കൈക്കലാക്കിയ ശേഷം ഇപ്പോൾ വീട് പ്രമാണം ചെയ്​തെടുക്കുമെന്നും കൂടുതൽ തുക നൽകണമെന്നും ആവശ്യപ്പെട്ട് ഗുണ്ടകളെ ഉപയോഗിച്ചും നേരിട്ടും ഭീഷണി മുഴക്കുന്നെന്നാണ് പരാതി. തലസ്ഥാന നഗരിയിലെ അറിയപ്പെടുന്ന ഗുണ്ടകളുടെ പണമാണ് വാങ്ങി നൽകിയതെന്നും വീട്ടിൽ കിടന്നുറങ്ങില്ല എന്നും പണം തട്ടിയെടുപ്പിന് കൂട്ടുനിന്നവർ ഭീഷണിപ്പെടുത്തുന്നതായി പോൾ സാമുവേൽ നൽകിയ പരാതിയിൽ പറയുന്നു. വനിതാ വികസന കോർപറേഷനിൽ നിന്ന്​ 2014 ൽ മകളുടെ വിവാഹത്തിനാണ് വായ്‌പയെടുത്തത്‌. ഇതിനിടെ, കോവിഡ് മഹമാരി പ്രതിസന്ധിയായി.

ഇളയമകൾക്ക് വിവാഹാലോചന വരികയും ഇതിന്റെ ആവശ്യത്തിന്​ എന്ത് ചെയ്യുമെന്ന അവസ്ഥയിലിരിക്കെയാണ് വായ്‌പ കുടിശ്ശിക തീർത്ത്​ പുതിയ വായ്‌പ്പ തരപ്പെടുത്തി നൽകാമെന്ന പരസ്യം കണ്ട് കൺസട്ടൻസിയെ സമീപിച്ചത്. 2021ൽ തിരുവനന്തപുരം ഉപ്പളത്തെ സ്വകാര്യ കൺസൾട്ടൻസിയെ ഇവർ സമീപിച്ചു. അറിയിപ്പ് നൽകുമ്പോൾ ആവശ്യമായ രേഖകളുമായി വന്നാൽ മതിയെന്ന്​ പറഞ്ഞ്​ മടക്കി അയച്ചു. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ വിളിക്കുകയും വായ്‌പ തരപ്പെടുത്തി നിലവിലെ ബാധ്യതയും കുടിശ്ശികയും തീർക്കാൻ നടപടി സ്വീകരിക്കാമെന്ന് കൺസൾട്ടൻസി ഉടമ പോൾ സാമുവലിനെ വിവരം അറിയിച്ചു.

60 ദിവസം കഴിഞ്ഞെങ്കിലും വായ്‌പ ലഭിക്കാതായി. തുടർന്ന്, ലോൺ കിട്ടുമ്പോൾ തിരികെ തന്നാൽ മതിയെന്നു പറഞ്ഞ് കൺസൾട്ടൻസി ഉടമതന്നെ തന്നെ ഇവർക്ക് ഏഴ് ലക്ഷം രൂപ നൽകുകയും ശേഷം കെ.എസ്.എഫ്.ഇ, ഇസാഫ് ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ഇവരെക്കൊണ്ട് അക്കൗണ്ട്​ ആരംഭിക്കുകയും ചിട്ടി ആരംഭിക്കുകയും ചെയ്തു. ഇതിനിടയിൽ ആര്യനാട് കെ.എസ്.എഫ്.ഇയിൽ ഒരു ചിട്ടി വീഴുകയും അടുത്ത ചിട്ടിയിൽ നിന്ന്​ ലോൺ പാസാക്കുകയും ചെയ്തു. ഇവരുടെ അക്കൗണ്ടിൽ ഈ തുക വരികയും ചെയ്തു.

എന്നാൽ തന്ത്രപമായി ഇവരിൽ നിന്ന്​ മുൻകൂർ വാങ്ങിയിരുന്ന ചെക്ക് ഉപയോഗിച്ച് ഇവരുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന മുഴുവൻ തുകയും പിൻവലിച്ചെന്നാണ് പോൾ സാമുവൽ പറയുന്നത്. ഇപ്പോൾ വസ്തുവിന്റെ പ്രമാണവും രേഖകളും തിരികെ ലഭിക്കണമെങ്കിൽ 10 ലക്ഷം രൂപ തട്ടിയെടുത്തതിനു പുറമെ നൽകണമെന്നാണ് കൺസൾട്ടൻസിക്കാർ ആവശ്യപ്പെടുന്നത്. ഇതിനി​ടെ, ഇവരിൽ നിന്ന്​ വാങ്ങിയ ഗ്യാരന്‍റി ചെക്ക് മലപ്പുറത്തുള്ള ഒരാൾക്ക് പണം നൽകാനുണ്ടെന്ന പേരിൽ ഈ കുടുംബത്തിന്റെ പേരിൽ നിയമനടപടികൾക്കും തട്ടിപ്പു സംഘങ്ങൾ ശ്രമിക്കുകയും വീടുകയറി ഭീഷണിപ്പെടുത്തുകയും ചെയ്തു.

Tags:    
News Summary - The money laundering gang is strong in rural areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.