കാട്ടാക്കട: നെയ്യാർ ജലസംഭരണി വറ്റിവരളുന്നു. റിസര്‍വോയറുകളിലെ പലഭാഗത്തും വെള്ളം കുറഞ്ഞു. ചിലേടത്ത് വറ്റിവരണ്ടു. രണ്ടുദിവസങ്ങളിലായി പെയ്ത വേനല്മഴിലും ജലനിരപ്പ് ഉയര്‍ന്നില്ല. നെയ്യാർ ജലാശയത്തിലെ ജലനിരപ്പ് അനുദിനം താഴുന്നത് കാർഷിക മേഖലയെ കാര്യമായി ബാധിക്കും എന്ന ആശങ്കയിലാണ് നെയ്യാറിനെ ആശ്രയിച്ച് കൃഷിചെയ്യുന്ന കര്‍ഷകര്‍. 84.75 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള നെയ്യാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 78.1 മീറ്ററിലെത്തി.
രണ്ട്ദിവസം മുന്‍പ് കനാലുകള്‍ അടച്ചു. അതിനുശേഷം വേനല്‍ മഴ ലഭിച്ചതിനാല്‍ ഒരുമീറ്ററോളം ജലനിരപ്പ് ഉയര്‍ന്നിരുന്നു. നെയ്യാര്‍ഡാമിന്റെ സംഭരണ ശേഷിയിൽ ഓരോ ദിവസവും വലിയ കുറവുണ്ടാകുന്നു എന്നാണ് പഠന റിപ്പോർട്ടുകൾ. ചെളിയും മണലും മണ്ണും എക്കലുമൊക്കെ അടിയുന്നതാണ് സംഭരണശേഷി കുറയാൻ കാരണം.
കാലവര്‍ഷം വൈകിയാൽ കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ ജനങ്ങൾ കുടിവെള്ളത്തിനും കൃഷിക്കും ഏറെ ബുദ്ധിമുട്ടും. നെയ്യാറിലെ വെള്ളത്തെ ആശ്രയിച്ചു മാത്രം കൃഷി നടക്കുന്ന ഹെക്ടർ കണക്കിന് കൃഷിയിടങ്ങളിലെ കൃഷിയേയും ബാധിക്കും. അത് കർഷകർക്ക് കനത്ത ആഘാതമായിരിക്കും സൃഷ്ടിക്കുക.
എക്കലും മണ്ണും അടിഞ്ഞ് അഞ്ച് മീറ്ററിലേറെ അണക്കെട്ടിന്റെ അടിത്തട്ട് ഉയർന്നു എന്നാണ് നെയ്യാര്‍ഡാം സന്ദര്‍ശിച്ച ഡാംസേഫ്റ്റി അതോറിറ്റി വിദഗ്ധർ റിപ്പോര്‍ട്ട് നല്‍കിയത്.
ഒന്നാം പഞ്ചവൽസരപദ്ധതിയിൽ ഉള്‍പ്പെടുത്തി 1959 - ൽ കമ്മീഷൻ ചെയ്തതാണ് നെയ്യാർഡാം. കന്യകൂമാരി ജില്ലയിലെ വിളവൻകോട് താലൂക്കിനെ കൂടി ഉൾപ്പെടുത്തി നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ 15380 ഹെക്ടർസ്ഥലത്തെ കൃഷിക്കുള്ള ജലസേചനത്തിന് ലക്ഷ്യമിട്ടതാണ് നെയ്യാർ ഇറിഗേഷൻ പ്രോജക്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.