കാട്ടാക്കട: ക്വാറികളില്‍നിന്ന് ദിവസവും കരിങ്കല്ലുമായി ചീറിപ്പായുന്നത് നൂറുകണക്കിന്ന് ടിപ്പറുകൾ. തലങ്ങുംവിലങ്ങും പായുന്ന ടിപ്പറുകൾ വരുത്തിവെക്കുന്ന അപകടങ്ങൾക്കും കുറവില്ല. പാസില്ലാതെ അമിത ലോഡ് കയറ്റിപ്പോകുന്ന ലോറികളെ നിയന്ത്രിക്കേണ്ടവര്‍ കണ്ണടക്കുന്നു. വിഴിഞ്ഞത്ത് ടിപ്പറിൽനിന്ന് പാറ തെറിച്ചുവീണ് വിദ്യാർഥി മരിച്ചതിന് പിന്നാലെ ബുധനാഴ്ച നഗരമധ്യത്തിൽ ടിപ്പറിടിച്ച് അധ്യാപകൻ മരിച്ചതും ഇവയുടെ ഭീഷണിയുടെ ആഴംവർധിപ്പിക്കുന്നു.
അപകടങ്ങള്‍ നടക്കുമ്പോള്‍ മാത്രം പരിശോധനകളുമായെത്തുന്നവര് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പരിശോധനകൾ മതിയാക്കും. മണ്ണിടിക്കുന്നതിനുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ അടുത്തിടെ മാറ്റിയതോടെ മണ്ണുമായി ചീറിപ്പായുന്ന ലോറികളുടെ എണ്ണവും വർധിക്കുന്നു.
മാറനല്ലൂര്‍, കാട്ടാക്കട, ആര്യനാട് പഞ്ചായത്തുകളിലെ പാറകള്‍ തുരന്ന് ദിവസവും നൂറുകണക്കിന് ലോഡ് പാറയാണ് പുറത്തേക്ക് പോകുന്നത്. എന്നാല്‍ രേഖകളില്‍ ദിവസവും 50ല്‍ താഴെമാത്രം. ഖനനം നിയന്ത്രിക്കേണ്ടവര്‍ തന്നെ ഒത്താശചെയ്ത് തുടങ്ങിയതോടെയാണ് നിയമങ്ങള്‍ കാറ്റില്‍പറത്തിയുള്ള പാറഖനനം സജീവമായത്. പണം നല്‍കിയാലേ പാറക്വാറിയില്നിന്ന് ലോറിയില്‍ കരിങ്കല്ല് കയറ്റി നല്‍കൂ. എന്നാല്‍ സ്വീകരിച്ച പണത്തിന് രസീതോ, കൊണ്ടുപോകുന്നതിന് പാസോ ക്വാറികളില്‍നിന്ന് നല്‍കാറില്ല.
കാട്ടാക്കട ഗ്രാമപഞ്ചായത്ത് മണലിയിലെ പാറക്കുന്നുകള്‍ തുരന്ന് ദിവസവും അഞ്ഞൂറിലേറെ ലോഡാണ് പുറത്തേക്ക് പോകുന്നത്. എന്നാല്‍ രേഖകളില്‍ 25ല്‍ താഴെമാത്രം. റോഡിലിറങ്ങുന്നവരുടെ ജീവനുകള്‍ നഷ്ടപ്പെട്ടും അംഗവൈകല്യം സംഭവിച്ചും കുറ്റിച്ചല്‍ പ്രദേശത്ത് അപകടങ്ങള്‍ തുടര്സംഭവങ്ങളായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ വ്യാപകമായ പ്രതിഷേധമുയരുന്നു.
തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പർ ലോറിയിൽനിന്ന് കരിങ്കല്ല് വീണ് യുവാവ് മരിച്ച സംഭവത്തിൽ നഗരത്തില്‍ രാവിലെയും വൈകീട്ടും ചരക്കുവാഹനങ്ങള്‍ക്കും ടിപ്പര്‍ ലോറികള്‍ക്കും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ എട്ടു മുതല്‍ രാത്രി 10 വരെയും, വൈകീട്ട് മൂന്നുമുതൽ വൈകീട്ട് അഞ്ചുവരെയും ടിപ്പര്‍ ലോറികള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും കെണ്ടയിനര് വാഹനങ്ങള്‍ക്കും തിരുവനന്തപുരം നഗരാതിർത്തി പ്രദേശങ്ങളായ വെട്ടുറോഡ്, ചപ്പാത്ത്, പള്ളിച്ചൽ, മരുതൂർ, പൗഡിക്കോണം, കുണ്ടമൺകടവ്, മങ്ങാട്ടുകടവ് എന്നീ സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.