കാട്ടാക്കട (തിരുവനന്തപുരം): മകളെ ശല്യപ്പെടുത്തുന്നത് വിലക്കിയതിന്റെ വൈരാഗ്യത്തിൽ രാത്രി വീട്ടിനുള്ളിലേക്ക് വിഷപ്പാമ്പിനെ എറിഞ്ഞ് അയൽവാസിയെ അപായപ്പെടുത്താൻ ശ്രമം. കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ വീട്ടിലേക്കാണ് അയൽവാസിയായ എസ്.കെ സദനത്തിൽ കിച്ചു (28) പാമ്പിനെ എറിഞ്ഞത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച പുലര്‍ച്ച 3.30 ഓടെയായിരുന്നു സംഭവം. രാജേന്ദ്രന്റെ വീടിന്റെ മുറിക്കുള്ളില്‍ പാമ്പിനെ എറിഞ്ഞശേഷം ഇയാൾ കടന്നുകളയുകയായിരുന്നു. വീടിന് പുറത്ത് അസ്വാഭാവിക ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് കിച്ചു പാമ്പിനെ വലിച്ചെറിഞ്ഞശേഷം പോകുന്നത് കണ്ടത്. വീടിനുള്ളിൽ വീണ പാമ്പിനെ അടിച്ചുകൊല്ലാൻ ശ്രമിച്ചെങ്കിലും മുറിഞ്ഞുപോയി. മുറിഞ്ഞ വാലിന്റെ ഭാഗം അവശേഷിപ്പിച്ച് പാമ്പ് രക്ഷപ്പെട്ടു. തുടര്‍ന്ന് രാജേന്ദ്രന് കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
കിച്ചുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മുൻ വൈരാഗ്യത്തെതുടർന്നാണ് കടുംകൈ ചെയ്തതെന്ന് സമ്മതിച്ചത്. കൊലപാതക ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പാമ്പ് ഏത് ഇനമാണെന്ന് പരിശോധിച്ചശേഷമേ പറയാനാകൂ എന്നും പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊല്ലം അഞ്ചൽ സ്വദേശിയായ ഉത്രയെ ഭർത്താവ് പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.