കാട്ടാക്കട: അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ പൂവച്ചൽ, വിളപ്പിൽ, കാട്ടാക്കട പ്രദേശങ്ങളില്‍ ജനജീവിതം ദുരിതപൂർണമാക്കുന്നു. അനധികൃതമാണെന്നും ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നെന്നും കണ്ടെത്തിയിട്ടും കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ അധികൃതർക്കാകുന്നില്ല. നാടെങ്ങും ശുചിത്വ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ജലസ്രോതസ്സുകൾ വരെ മലിനമാക്കിയാണ് കേന്ദ്രങ്ങളുടെ പ്രവർത്തനം.
കാട്ടാക്കട, പൂവച്ചൽ, വിളപ്പിൽ പഞ്ചായത്തുകൾ അതിരിടുന്ന കട്ടയ്ക്കോട്, വില്ലിടുംപാറ, കരിയംകോട്, പാറാംകുഴി, കാപ്പിക്കാട്, ചെറുകോട്, കാരോട് പ്രദേശങ്ങളിലാണ് ഫാമുകൾ. 50 ലേറെ ഫാമുകൾ പ്രദേശങ്ങളിലുണ്ട്. നഗരത്തിലെ അറവുശാലകളിൽനിന്നും കാറ്ററിങ് സ്ഥാപനങ്ങളിൽനിന്നും ഹോട്ടലുകളിൽനിന്നുമൊക്കെ കൊണ്ടുവരുന്ന മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെ ഫാമുകളിൽ എത്തിക്കുന്നു.
ഇവയിൽ ആവശ്യമായവ പന്നികൾക്ക് ഭക്ഷണമായി എടുത്തശേഷം ബാക്കി ഉപേക്ഷിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നു. ഇത് പതിവായതോടെയാണ് ജനങ്ങൾ പന്നി ഫാമുകൾക്കെതിരെ തിരിഞ്ഞത്. ജനവാസ കേന്ദ്രങ്ങളിലെ മാലിന്യനിക്ഷേപം മഴക്കാലത്ത് വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയിട്ടും ആരോഗ്യവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
വീട്ടുവളപ്പിലും പരിസരങ്ങളിലുമായി മാനദണ്ഡങ്ങൾ പാലിക്കാതെ ഷെഡുകളിലാണ് ഫാമുകൾ പ്രവർത്തിക്കുന്നത്. ആരോഗ്യം, പൊലീസ്, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇവ പ്രവർത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്. പരാതി ഉയരുമ്പോൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്യുക.
എന്നാൽ, തുടർനടപടികളുണ്ടാകാറില്ല. വിഷയം കാട്ടാക്കട താലൂക്ക് അദാലത്തിൽ മന്ത്രിമാർക്കു മുന്നിൽ വരെ എത്തി. ഉടൻ നടപടിയെടുക്കാൻ മന്ത്രിമാർ നിർദേശം നൽകിയെങ്കിലും കടലാസിലൊതുങ്ങി.
റവന്യൂ വകുപ്പിന്റെ കണക്കിൽ പൂവച്ചൽ പഞ്ചായത്തിൽ മാത്രം 11 ഫാമുകളിലായി 1000 ത്തിലേറെ പന്നികളെ വളർത്തുന്നതായി കണ്ടെത്തി. വീടുകളിൽ അഞ്ച് പന്നികളെ വളർത്താനുള്ള അനുമതി ദുരുപയോഗം ചെയ്ത് 200 വരെ പന്നികളെ ചിലയിടത്ത് വളർത്തുന്നുണ്ട്. എന്നിട്ടും നടപടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.