കാട്ടാക്കട: ഗതാഗതയോഗ്യമല്ലാത്തതിനെ തുടര്‍ന്ന് പൊളിക്കാനായി മോട്ടോര്‍വാഹനവകുപ്പ് അനുമതി നല്കിയ വാഹനങ്ങള്‍ പൊതുനിരത്തുകളില്‍ പൊളിക്കാതെ കെട്ടിക്കിടക്കുന്നു. വാഹനങ്ങള്‍ അപകടത്തിൽപെട്ടോ കാലാവധി കഴിഞ്ഞോ നിരത്തിലോടാന്‍ കഴിയാതെ വരുമ്പോള്‍ വാഹനഉടമകള്‍ മോട്ടോര്‍ വാഹനവകുപ്പില്‍ പൊളിച്ച് മാറ്റുന്നതിനായി അപേക്ഷ നല്‍കും.
തുടര്‍ന്ന് അനുമതി വാങ്ങിയശേഷം വാഹനങ്ങള്‍ പൊളിക്കുന്ന സംഘങ്ങള്‍ക്ക് കൈമാറും. എന്നാല്‍ വാഹനങ്ങള്‍ പൊളിക്കാതെ പാര്‍ട്സുകള്‍ ഇളക്കിവില്പന നടക്കുന്ന സംഘമാണ് ഇത്തരത്തിലുള്ള വാഹനങ്ങള്‍ സ്വന്തമാക്കുന്നത്. ഇത്തരത്തില്‍ പൊളിക്കാന്‍ അനുമതി നല്കിയ വാഹനങ്ങള്‍ നിരവധി റോഡുകളില്‍ ഓടുന്നതായും ക്രിമിനല്‍ സംഘമാണ് ഇത്തരത്തിലുള്ള വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതെന്നും പരാതി ഉയര്‍ന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പൊളിക്കാനായി അനുമതി നല്കിയ വാഹനങ്ങള്‍ റോഡരികില്‍ സ്ഥാനം പിടിച്ചതോടെ കാട്ടാക്കട കിള്ളി പ്രദേശത്ത് അപകടങ്ങളും രൂക്ഷമായി. കഷ്ടിച്ച് രണ്ട് വാഹനങ്ങള്‍ കടന്നുപോകാന്‍ തക്ക വീതിയുള്ള റോഡുകളില്‍പോലും ഇത്തരം വാഹനങ്ങള്‍ നിരത്തിയിട്ടിരിക്കുകയാണ്.
നിരത്തിലിറക്കാന്‍ അനുമതിയില്ലാത്ത വാഹനങ്ങള്‍ റോഡുവക്കുകളില്‍ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയെങ്കിലും വാഹനപൊളിക്കല്‍ സംഘത്തിെൻറ പിടിപാടില്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഇത്തരത്തില്‍ റോഡുവക്കില്‍ ഉപേക്ഷിച്ചിരിക്കുന്ന വാഹനങ്ങളില്‍ ലഹരിവസ്തുക്കള്‍ വ്യാപകമായി സൂക്ഷിക്കുന്നതായും പരാതിയുണ്ട്.
കാട്ടാക്കട പൊലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ നിരവധി വാഹനങ്ങളാണ് റോഡുവക്കില്‍ കിടക്കുന്നത്. വാഹന ഉടമകള്‍ പൊളിക്കാനായി അനുമതിവാങ്ങിയ ശേഷം വാഹനങ്ങള്‍ പൊളിച്ചുമാറ്റിയോ എന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും െമനക്കെടാറില്ല. ഇതോടെ നിരത്തിലോടാന്‍ കഴിയാത്ത വാഹനങ്ങളുടെ ശവപ്പറമ്പായി തീര്‍ന്നിരിക്കുകയാണ് പലപ്രദേശങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.