കാട്ടാക്കട: കാട്ടുപന്നികളുടെ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ഗ്രാമവാസികള്‍ക്കൊപ്പം നഗരവാസികളും. മുമ്പ് വനാതിര്‍ത്തിപങ്കിടുന്ന പഞ്ചായത്തുപ്രദേശങ്ങളിലായിരുന്നു കാട്ടുപന്നികളുടെ ശല്യമേറെയുണ്ടായിരുന്നത്. എന്നാല്‍ തെക്കന്‍ മലയോരഗ്രാമങ്ങളിലും പട്ടണപ്രദേശങ്ങളിലും കാട്ടുപന്നിശല്യം ഇപ്പോൾ അതിരൂക്ഷമാണ്. ശനിയാഴ്ച രാവിലെ കാട്ടുപന്നിക്കൂട്ടം കാട്ടാക്കട ആമച്ചലില്‍ ഏറെ നാശം വിതച്ചു. പകല്‍ പന്നിക്കൂട്ടം സുരയുടെ കടയില്‍ കയറി സാധനങ്ങള്‍ കുത്തിമറിച്ചിട്ടു. കടയിലുണ്ടായിരുന്ന യുവതി ഉള്‍പ്പെടെ പേടിച്ചുവിരണ്ടു. കാട്ടാക്കട, നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ ഈവര്‍ഷം കാട്ടുപന്നിയുടെ ആക്രമണത്തില്‍ നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെസമ്മതിക്കുന്നു. ഇവയുടെ ആക്രമണത്തില്‍ ഒരു മരണവുമുണ്ടായി.
ആര്യനാട്, കുറ്റിച്ചല്‍, പൂവച്ചല്‍, കള്ളിക്കാട്, വിതുര, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ഏറെക്കാലമായി കാട്ടുപന്നിശല്യംകാരണം പൊറുതിമുട്ടിയിരിക്കുകയാണ്. കാട്ടുപന്നികളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരും അംഗവൈകല്യം സംഭവിച്ചവരും നിരവധിയുണ്ട്. ഇവയുടെ ശല്യം കാരണം ഹെക്ടര്‍ കണക്കിന് ഭൂമി കൃഷി ചെയ്യാനാകാതെ തരിശിട്ടിരിക്കുകയാണ്.
കള്ളിക്കാട്, തേവന്‍കോട്, തേമ്പാമൂട്, കള്ളിയല്‍, മരുതുംമൂട്, മുണ്ടന്‍ചിറ, ചേരപ്പള്ളി, ബൗണ്ടർമുക്ക്, കൊക്കോട്ടേല, മീനാങ്കൽ, ഐത്തി തുടങ്ങിയ ഭാഗങ്ങളിലാണ് പന്നികളുടെ പരാക്രമം കൂടുതൽ.
കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കാട്ടാക്കട, നെടുമങ്ങാട് താലൂക്ക് പ്രദേശങ്ങളിൽ നിരവധിപേരാണ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സ തേടിയത്. ബൈക്ക് യാത്രികരും കൃഷിപ്പണിക്കാരും റബര്‍ടാപ്പിങ് തൊഴിലാളികളും ആക്രമണത്തിനിരയായി.
ചേരപ്പള്ളി അമ്മൻകോവിലിന് സമീപം ചായക്കട നടത്തുന്ന തങ്കയ്യൻ, മേലാമാത്തൂര് സ്വദേശിയായ പത്മം, മകള്‍ പ്രിയ, പകൽ ആടിന് തീറ്റ ശേഖരിക്കാൻ പോയ പറണ്ടോട് ചേരപ്പള്ളി സ്വദേശി പി. വിജയമ്മ, ആനാകോട് തട്ടാൻവിള സ്വദേശി ശ്രീകുമാരൻ എന്നിവരൊക്കെ ആക്രമത്തിനിരയായി ചികിത്സയിലാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സെറ്റില്‍മെന്റുകളില്‍ മാത്രമായിരുന്നു കാട്ടുപന്നിശല്യമുണ്ടായിരുന്നത്. എന്നാല്‍ അടുത്തകാലത്തായി ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങി നാട്ടുകാരെയും കര്‍ഷകരെയും വലയ്ക്കുകയാണ്. കാട്ടുപന്നികള്ക്കുപുറമെ കുരങ്ങുകളും കാട്ടുപോത്തുകളും ജനവാസകേന്ദ്രങ്ങളില്‍ ഇപ്പോള്‍ വില്ലന്മാരാണ്. പുലര്‍ച്ച റബര്‍ ടാപ്പിങ്ങിന് പോകുന്ന തൊഴിലാളികളാണ് കാട്ടുപന്നികളുടെ ആക്രമണത്തില്‍ കൂടുതലും ഇരയാകുന്നത്.
കാട്ടുപന്നികളെ വെടിവെക്കാന്‍ അനുമതി നല്‍കിയെങ്കിലും ആര്യനാട്, കുറ്റിച്ചല്‍, പൂവച്ചല്‍, കള്ളിക്കാട് ഗ്രാമപഞ്ചായത്തില്‍ ഇപ്പോള്‍ അക്രമകാരികളായ കാട്ടുപന്നികൾ ഏറിവരുകയാണ്. ഇവയെ കൊന്നൊടുക്കാനായി നിരവധി പദ്ധതികൾ തുടങ്ങിയെങ്കിലും തെക്കന്മലയോരമേഖലയില് ഇവയുടെ ശല്യം ഏറിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.