കാട്ടാക്കട: നെയ്യാര്‍-പേപ്പാറ-അഗസ്ത്യവന മേഖലയിലെ സെറ്റില്‍മെന്റുകളില്‍ വന്യമൃഗശല്യം ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. വനാതിര്‍ത്തി പ്രദേശങ്ങളിലെടയക്കം കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും വർധിച്ചു. ആര്യനാട്, കുറ്റിച്ചല്‍ പഞ്ചായത്തുകളിലെ വിവിധയിടങ്ങളില്‍ കൂറ്റന്‍ കാട്ടുപോത്ത് ഭീതി വിതക്കുകയാണിപ്പോൾ.
ആനയോളം വലുപ്പമുള്ള കാട്ടുപോത്ത് വരുത്തുന്ന നാശങ്ങള് ചെറുതല്ല. മലയോര ഗ്രാമപഞ്ചായത്തുകളില്‍ ഇപ്പോള്‍ മാന്‍, മ്ലാവ്, കാട്ടുപന്നി, കുരങ്ങ് ശല്യവും രൂക്ഷമാണ്.
കാട്ടുപോത്തുകള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങിയതോടെ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. ഇവയെ പലതവണ വനത്തിനുള്ളിലേക്ക് മടക്കിവിട്ടതായി വനപാലകര്‍ പറയുന്നു. വനവും കൃഷി ഭൂമിയും അതിർത്തി പങ്കിടുന്ന ഇടങ്ങളിൽ കിടങ്ങുകളും വൈദ്യുതി വേലികളും കൂടുതൽ സ്ഥാപിച്ച് വന്യമൃഗശല്യം തടയണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
കുരങ്ങുകളുടെ ശല്യം കാരണം തെങ്ങുകളില്‍നിന്ന് കരിക്കുകള്പോലും കിട്ടാത്ത സ്ഥിതിയാണ്. കുടിവെള്ളം തേടി കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ പലപ്പോഴും കൂട്ടമായി ഇറങ്ങുന്നുമുണ്ട്. ഇതുകാരണം സെറ്റില്മെന്റുകളില്നിന്ന് കാണിക്കാര്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്നതും പരിമിതപ്പെടുത്തിയിരിക്കുകയാണ്. രാവിലെ യാത്രതിരിച്ച് വൈകും വരെ നടത്തിയിരുന്ന വനവിഭവശേഖരണം ഇപ്പോഴില്ല.
ഉച്ചയോടെ തന്നെ വനവിഭവശേഖരണം അവസാനിപ്പിക്കുന്നു. വനത്തിനുള്ളിലെ ആദിവാസികളുടെ വാഴ, മഞ്ഞൾ കൃഷിയുമൊക്കെ വന്യമൃഗശല്യം കാരണം നന്നേ കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.