കാട്ടാക്കട: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് ആംബുലന്‍സില്‍ പ്രസവം. കോട്ടൂര്‍ കൊമ്പിടി തടതരികത്തു വീട്ടില്‍ ശിവകുമാറിന്‍റെ ഭാര്യ സുനിത (25) ആണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വെളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
സുനിതക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്‍റെ സേവനം തേടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് സന്ദേശം ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ പ്രിയങ്ക എസ്.എസ്, പൈലറ്റ് ഷൈജു ജി. എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചു.
ആംബുലന്‍സ് കടന്ന് ചെല്ലാന്‍ ബുദ്ധിമുട്ടുള്ള പാത ആയതിനാല്‍ ബന്ധുക്കള്‍ സുനിതയെ ജീപ്പില്‍ വാലിപ്പാറ വരെ എത്തിച്ചു. ഇവിടെ വെച്ച് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ പ്രിയങ്ക നടത്തിയ പരിശോധനയില്‍ സുനിതയുടെ ആരോഗ്യനില മോശമാണെന്നും ജീപ്പില്‍ നിന്ന് ആംബുലന്‍സിലേക്ക് മാറ്റാനോ മുന്നോട്ട് പോകാനോ കഴിയാത്ത സാഹചര്യമാണെന്ന് മനസിലാക്കി പ്രസവം എടുക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കുകയായിരുന്നു.
നാലരയോടെ സുനിത കുഞ്ഞിന് ജന്മം നല്‍കി. പൊക്കിള്‍ കൊടി വേര്‍പ്പെടുത്തി പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സിലേക്ക് മാറ്റി. തുടർന്ന് ഇരുവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.