കാട്ടാക്കട: പേരൂര്‍ക്കട സ്വദേശിയായ യുവതിയുടെ മൃതദേഹം കാട്ടാക്കട മുതിയാവിളയിലെ റബർതോട്ടത്തിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പേരൂർക്കട ഹാർവിപുരം ഭാവനാനിലയത്തിൽ മായ മുരളി(37)യുടെ മൃതദേഹമാണ് മുതിയാവിള കാവുവിളയിൽ വാടകക്ക് താമസിച്ചിരുന്ന വീടിനടുത്ത റബർപുരയിടത്തിൽ വ്യാഴാഴ്ച രാവിലെ 10 ഓടെ കണ്ടെത്തിയത്.
കൊലപാതകമാകാമെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവർക്കൊപ്പം താമസിച്ചിരുന്ന പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശിയും ഓട്ടോഡ്രൈവറുമായ രഞ്ജിത്തിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി.
ഇയാളുടേതെന്ന് സംശയിക്കുന്ന ഓട്ടോ കാട്ടാക്കട ചൂണ്ടുപലകയിൽനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് പൊലീസ് ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി തെളിവെടുത്തു. ഇതിനിടെ ഇരുവരും താമസിച്ചിരുന്ന വാടകവീട്ടിൽ ഇടക്കിടെ വന്നുപോയിരുന്നയാളിൽനിന്ന് പൊലീസിന് ലഭിച്ച വിവരങ്ങളും ബന്ധുക്കളുടെ സംശയങ്ങളും കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നതായി വിവരമുണ്ട്.
മായയുടെ ഭർത്താവ് മനോജ് നാല് വർഷം മുമ്പ് അപകടത്തിൽ മരിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് രഞ്ജിത്തുമായി അടുത്ത് ഒരുമിച്ച് താമസം തുടങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നതായി പൊലീസ് അറിയിച്ചു. മൂന്നുമാസം മുമ്പാണ് മുതിയാവിള കാവുവിളയിലെ വീട്ടിൽ മായ മുരളി രഞ്ജിത്തിനൊപ്പം താമസത്തിനെത്തിയത്. മായയുടെ രണ്ട് പെൺമക്കൾ അമ്മയോടോപ്പമാണ്. മായയെ നിരന്തരമായി രഞ്ജിത്ത് ഉപദ്രവിക്കാറുണ്ടായിരുന്നതായാണ് ബന്ധുക്കളുടെ മൊഴി.
രണ്ടുദിവസം മുമ്പും മർദിച്ചതായി ഇവർ പൊലീസിനോട് പറഞ്ഞു. റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായൺ വെള്ളിയാഴ്ചയും സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. കാട്ടാക്കട ഡിവൈ.എസ്.പി പി.സി. ജയകുമാറിന്റെ നേതൃത്വത്തിൽ കാട്ടാക്കട പൊലീസ് ഇന്‍സ്പെക്ടര്‍ എൻ. ഗിരീഷും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.