തിരുവനന്തപുരം: കലാപ്രകടനങ്ങളെ കാഴ്ചക്കാരാക്കി, വേദിക്കകത്തും പുറത്തും വിദ്യാർഥി രാഷ്ട്രീയം മാത്രം ആടിത്തിമിർക്കുമ്പോൾ കേരള സർവകലാശാലയുടെ കലാപ്പട്ടം ആരിലേക്കെന്ന് ഇന്നറിയാം. നിലവിലെ ചാമ്പ്യൻമാരായ മാർ ഇവാനിയോസ് കോളജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അവസാന നിമിഷം യൂനിവേഴ്സിറ്റി കോളജ് മുന്നിലെത്തിയതോടെ യുവജനോത്സവത്തിന്റെ അവസാനമായ തിങ്കളാഴ്ച നടക്കുന്ന മത്സരങ്ങൾക്ക് ഉണ്ടാകുന്നത് ഒരു തെരഞ്ഞെടുപ്പിന്റെ വീറും വാശിയും.
24 വർഷങ്ങൾക്ക് ശേഷം എസ്.എഫ്.ഐയിൽനിന്ന് ഇത്തവണ കെ.എസ്.യു പിടിച്ചെടുത്ത മാർ ഇവാനിയോസ് കോളജും എസ്.എഫ്.ഐയുടെ ചെങ്കോട്ടയായ യൂനിവേഴ്സിറ്റി കോളജും തമ്മിൽ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമായാണ് തലസ്ഥാനത്തെ എട്ടുവേദികളിലായി അരങ്ങേറുന്നത്. 114 ഇനങ്ങളിൽ 81 മത്സരങ്ങളുടെ ഫലം പുറത്തുവരുമ്പോൾ 175 പോയന്റുമായി യൂനിവേഴ്സിറ്റി കോളജ് ഒന്നാം സ്ഥാനത്തും 173 പോയന്റുമായി മാർ ഇവാനിയോസ് രണ്ടാം സ്ഥാനത്തുമാണ്. വിധി കർത്താവിന് പണം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാർ ഇവാനിയോസ് വിജയിച്ച മാർഗംകളിയുടെ ഫലം സംഘാടക സമിതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഇവാനിയോസ് ഒന്നാം സ്ഥാനം നേടിയ തിരുവാതിരകളിയുടെ ഫലവും യൂനിവേഴ്സിറ്റി കോളജിന്റെ പരാതിയിൽ എസ്.എഫ്.ഐ നേതൃത്വം നൽകുന്ന സർവകലാശാല യൂനിയൻ മരവിപ്പിച്ചിരിക്കുകയാണ്.
വിധി കർത്താക്കളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി മത്സരഫലം അട്ടിമറിക്കാൻ ഒരുവിഭാഗം ശ്രമിക്കുകയാണെന്ന് ആരോപിച്ച് മാർ ഇവാനിയോസ് കോളജ് പ്രിൻസിപ്പൽ ചാൻസലർ കൂടിയായ ഗവർണർക്ക് ഞായറാഴ്ച പരാതി നൽകി. കോളജിലെ കുട്ടികൾ മത്സരിക്കുമ്പോൾ ഒരുവിഭാഗം വിദ്യാർഥികൾ വേദിയുടെ മുന്നിലെത്തി മുദ്രാവാക്യം വിളിക്കുകയും അനാവശ്യസമരം നടത്തി കുട്ടികളുടെ മനോനില തകർക്കുകയാണെന്നുമാണ് പരാതി. കുട്ടികൾക്കും അധ്യാപകർക്കും സംരക്ഷണവും പ്രിൻസിപ്പൽ ആവശ്യപ്പെട്ടിട്ടുണ്ട്. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും സമാന പരാതി കോളജ് നൽകിയിട്ടുണ്ട്. കലോത്സവത്തിന്റെ അവസാന ദിനമായ തിങ്കളാഴ്ച യൂനിവേഴ്സിറ്റി കോളജ്, സംസ്കൃത കോളജ്, സെനറ്റ് ഹാൾ പരിസരങ്ങളിൽ സംഘർത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ഇന്റലിജൻസ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.