തിരുവനന്തപുരം: മാർഗംകളി മത്സരഫലത്തിനെതിരെ കോഴ ആരോപണമുയർന്നതോടെ എട്ട് വേദികളിലെയും മത്സരങ്ങൾ ഒരു മുന്നറിയിപ്പുമില്ലാതെ സംഘാടകർ താൽക്കാലികമായി നിർത്തിവെച്ചതോടെ വലഞ്ഞത് മത്സരാർഥികളും ഒപ്പമെത്തിയ രക്ഷിതാക്കളും. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്കുള്ള കുച്ചിപ്പുടി മത്സരത്തിനായി എട്ട് മണിമുതൽ അണിഞ്ഞൊരുങ്ങിയ കലാകാരികൾ വേദിയിലെത്തിയത് വൈകീട്ട് 6.30നാണ്. വെള്ളിയാഴ്ച രാത്രി 8.30നുള്ള വട്ടപ്പാട്ട് മത്സരത്തിനായി ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ കോളജുകളിൽ നിന്നെത്തിയ കലാകാരന്മാർക്ക് സെനറ്റ് ഹാളിലെ മുഖ്യവേദിയിൽ പരിപാടി അവതരിപ്പിക്കാനായത് ശനിയാഴ്ച രാത്രിയിൽ.
ഫലത്തിൽ കേരള സർവകലാശാല കലോത്സവത്തിലെ രണ്ടും മൂന്നും ദിനങ്ങൾ മത്സരാർഥികൾക്ക് സമ്മാനിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദുരിതമുഹൂർത്തങ്ങൾ. ചുട്ടുപഴുക്കുന്ന ചൂടിൽ ഗ്രീൻ റൂമുകളിൽ മേക്കപ്പിൽ ഉരുകിയൊലിക്കുകയായിരുന്നു കുച്ചിപ്പുടിക്കാരും മൂകാഭിനയക്കാരും. 'മേക്കപ് ഇട്ടിരിക്കുന്നതിനാൽ ഭക്ഷണം പോലും കഴിച്ചിട്ടില്ല. കാത്തിരുന്ന് മടുത്തു...' മൂകാഭിനയത്തിൽ പങ്കെടുക്കാൻ തോന്നയ്ക്കൽ ശ്രീ സത്യസായി കോളജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ നിന്നെത്തിയ ഒന്നാംവർഷ ബി.എ വിദ്യാർഥികളായ ആറംഗസംഘം പരാതി പറഞ്ഞു. പലരും ക്ഷീണിച്ച് ഉറങ്ങി. ഇതോടെ അധ്യാപകരും രക്ഷിതാക്കളും പലതവണ പ്രതിഷേധവുമായി രംഗത്തെത്തി.
ഉച്ചക്ക് രണ്ടിനുശേഷമാണ് ശനിയാഴ്ചത്തെ മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്. വൈകുമെന്ന് കണ്ടതോടെ മറ്റ് ജില്ലകളിൽ നിന്ന് എത്തിയ പെൺകുട്ടികളടക്കമുള്ള മത്സരാർഥികൾ വീടുകളിലേക്ക് മടങ്ങി. നാലുമണിക്ക് മത്സരങ്ങൾ പുനരാരംഭിക്കുമെന്ന് ഒരു ഘട്ടത്തിൽ സംഘാടകർ അറിയിച്ചെങ്കിലും തിരുവാതിര, മാർഗംകളി മത്സരത്തിലെ മത്സരാർഥികൾ മുഖ്യവേദി ഉപരോധിച്ചതോടെ വീണ്ടും നീണ്ടു. കോഴ ആരോപണത്തെ തുടർന്ന് മത്സരം വീണ്ടും നടത്താമെന്ന സംഘാടകരുടെ നിർദേശം മത്സരാർഥികൾ തള്ളി. വസ്ത്രത്തിനും മേക്കപ്പിനും ലക്ഷങ്ങൾ ചെലവഴിച്ചാണ് മത്സരത്തിനിറങ്ങിയതെന്നും വീണ്ടും മത്സരിക്കാൻ പണമില്ലെന്നും മത്സരാർഥികൾ പറഞ്ഞു. ഇതോടെ കലോത്സവം ഉപേക്ഷിക്കുന്നെന്ന് സംഘാടകർ പലതവണ അറിയിച്ചു.
ഒടുവിൽ തിരുവാതിരകളിയുടെ മത്സരഫലം മരവിപ്പിച്ചതായും മാർഗംകളിയുടെ ഫലം റദ്ദാക്കിയതായും അറിയിക്കുകയായിരുന്നു. ഇതിനുശേഷമാണ് വൈകീട്ട് 6.15ഓടെ മുഖ്യവേദിയിൽ മത്സരം ആരംഭിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.