തിരുവനന്തപുരം: നവംബർ ഒന്നുമുതൽ ഏഴുവരെ അനന്തപുരി ആതിഥ്യം വഹിക്കുന്ന കേരളീയത്തിനായി നഗരം നിറഞ്ഞ് അമ്പതോളം വേദികൾ. 14 വലിയ വേദികൾ, 18 ചെറിയ വേദികൾ, 12 തെരുവുവേദികൾ എന്നിവയ്ക്കു പുറമെ, ചലച്ചിത്രമേളക്കായി അഞ്ചുവേദികളുമുണ്ട്. ഇതിനുപുറമേ ആർട്ട്, ഫ്ലവർ ഇൻസ്റ്റലേഷനുകൾക്കായി പത്തോളം വേദികളാണ് ഒരുക്കുക. 5000 പേർക്ക് ഇരിക്കാവുന്ന വേദിയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജമാക്കുക.
ടാഗോർ തിയറ്റർ, പുത്തരിക്കണ്ടം മൈതാനം, നിശാഗന്ധി ഓഡിറ്റോറിയം, നിയമസഭാമന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാൾ, യൂനിവേഴ്സിറ്റി കോളജ്, അയ്യൻകാളി ഹാൾ, എൽ.എം.എസ് കോമ്പൗണ്ട്, മാനവീയം വീഥി, മ്യൂസിയം, മാസ്കറ്റ് ഹോട്ടൽ, ജിമ്മി ജോർജ് സ്റ്റേഡിയം, സെനറ്റ് ഹാൾ, ജവഹർ ബാലഭവൻ എന്നിവയാണ് മറ്റു പ്രധാന വേദികൾ. ഇവിടങ്ങളിലാവും സെമിനാറുകളും എക്സിബിഷനും സാംസ്കാരിക പരിപാടികളും, വ്യവസായ വാണിജ്യ മേളകളും പുഷ്പമേളയും ഭക്ഷ്യമേളയും മുഖ്യമായി നടക്കുക.
ടാഗോറിലെ ആംഫി തിയറ്റർ, കനകക്കുന്നിലെ സൂര്യകാന്തി, മ്യൂസിയം, യൂനിവേഴ്സിറ്റി കോളജിലെ ഓപൺ സ്റ്റേജ്, ജവഹർ ബാലഭവൻ, വിവേകാനന്ദ പാർക്ക്, കെൽട്രോൺ കോംപ്ലക്സ്, പഞ്ചായത്ത് അസോസിയേഷൻ ഓഡിറ്റോറിയം, ക്യാപ്റ്റൻ ലക്ഷ്മി പാർക്ക്, സത്യൻ സ്മാരക ഹാൾ, ഫൈൻ ആർട്സ് കോളജ്, എസ്.എം.വി സ്കൂൾ ഓപൺ സ്പേസ്, ഗാന്ധി പാർക്ക്, തൈക്കാട് മൈതാനം, ഭാരത് ഭവൻ മണ്ണരങ്ങ് (ഓപൺ എയർ തിയറ്റർ) എന്നിവിടങ്ങളിലാണ് ചെറുവേദികൾ.
വ്യാപാര വിൽപന പ്രദർശന മേളയിലെ ചില പ്രദർശനങ്ങൾ വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരിഷ് ഹാൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഹാൾ എന്നിവിടങ്ങളിൽ നടക്കും. കൈരളി, ശ്രീ, നിള, കലാഭവൻ എന്നിവിടങ്ങളിലായിരിക്കും ചലച്ചിത്രോത്സവം. നിയമസഭ മന്ദിരത്തിലെ ഹാളിൽ ഡോക്യുമെന്ററി പ്രദർശനവും നടക്കും.
മാനവീയം വീഥി, കനകക്കുന്ന്, രക്തസാക്ഷി മണ്ഡപം, പബ്ലിക് ലൈബ്രറി, കന്നിമാറ മാർക്കറ്റ്, സെനറ്റ് ഹാൾ, എ. ജി ഓഫിസ് കോർണർ, ആയുർവേദ കോളജ്, എസ്.എം.വി സ്കൂൾ, സ്റ്റാച്യൂ, നിയമസഭ, എൽ.എം.എസ് ഗ്രൗണ്ട് എന്നിവിടങ്ങൾ തെരുവ്/തത്സമയ വേദികളാവും. ഇവിടങ്ങളിൽ തെരുവുനാടകം, മാജിക് പോലെയുള്ള പരിപാടികൾ അരങ്ങേറും. നിയമസഭാങ്കണമാണ് പുസ്തകോത്സവത്തിന്റെ വേദി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.