കിളിമാനൂർ: ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ നിത്യവൃത്തി, മക്കളുടെ പഠനം, ചികിത്സക്കായി വാങ്ങിയതും ആശുപത്രിയിൽ അടയ്ക്കാനുള്ളതുമായ കടങ്ങൾ ഇതിനൊക്കെ പരിഹാരം കാണണമെങ്കിൽ വിനോദിന് സുമനസ്സുകളുടെ കാരുണ്യം കൂടിയേതീരൂ. തുടർചികിത്സക്കുള്ള മാർഗമെന്തന്നറിയാതെ ആശുപത്രിക്കിടക്കയിൽ ശരീരത്തിന്‍റെ ഒരുഭാഗം ഏറക്കുറെ തളർന്ന് കിടക്കുകയാണ് ഈ ചെറുപ്പക്കാരൻ.
പുളിമാത്ത് പേടികുളം പൂവക്കാട്ടുവിള വീട്ടിൽ വിനോദ് സദൻ (41) ആണ് ചികിത്സക്കായി സഹായവും കാത്ത് ദിവസങ്ങൾ തള്ളിനീക്കുന്നത്. പഴയ വാഹനങ്ങൾ മറിച്ച് വിൽക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. രണ്ട് വർഷം മുമ്പാണ് തലക്കുള്ളിൽ വെള്ളം കെട്ടിക്കിടക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ തലയിലെ ഞരമ്പ് പൊട്ടി രക്തസ്രാവമുണ്ടായി.
ഇതിനിടയിൽ തലക്കുള്ളിൽ വളർന്ന മുഴയും നീക്കം ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മാസങ്ങളോളം ചികിത്സ തുടർന്നു. 20 ലക്ഷത്തോളം രൂപ ചെലവിട്ടെങ്കിലും രോഗം ഭേദമാക്കാൻ കഴിഞ്ഞില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം കൊണ്ടാണ് ഇതുവരെ ചികിത്സ നടന്നത്. മൂന്നരലക്ഷം രൂപ ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ അടക്കാനുണ്ട്. കരേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.
നാല് സെൻറ് വസ്തു മാത്രമാണ് വിനോദിന് സ്വന്തമായുള്ളത്. അമ്മയുടെ പേരിലുള്ള ഷീറ്റ് മേഞ്ഞ ചെറിയ വീട്ടിലാണ് താമസം. ഡിഗ്രി വിദ്യാർഥിയായ മകളുടെയും അഞ്ചാം ക്ലാസുകാരനായ മകന്‍റെയും പഠനവും വഴിമുട്ടിയ അവസ്ഥയിലാണ്. അടിയന്തരമായി നാട്ടുകാരുടെ സഹായം ആവശ്യമാണ്. ചികിത്സാ സഹായത്തിനായി എസ്.ബി.ഐ വെഞ്ഞാറമൂട് ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 20387260301. ഐ.എഫ്.എസ് കോഡ്: എസ്.ബി.ഐ. എൻ 0010789. ഗൂഗിൾ പേ നമ്പർ: 9048 282940.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.