കിളിമാനൂർ: വളർത്തുനായെ ഓട്ടോയിൽ കയറ്റുന്നതിലുള്ള വിരോധവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മടവൂർ തുമ്പോട് ജിത്തു ഭവനിൽ സഹോദരങ്ങളായ അഭിജിത്ത് (24), ദേവജിത്ത് (22), തുമ്പോട് അനശ്വര ഭവനിൽ രതീഷ് (37) എന്നിവരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. മടവൂർ നടുവത്തേല ഐക്കരഴികത്തുവീട്ടിൽ രാഹുൽ (24)നെയാണ് കമ്പിവടി കൊണ്ട് അടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് 12.45നാണ് സംഭവം. പൊലീസ് പറയുന്നതിങ്ങനെ: ഉത്സവം നടക്കുകയായിരുന്ന സീമന്തപുരം ക്ഷേത്രത്തിലേക്ക് പോകാനായി തുമ്പോട് കവലയിൽ രാഹുൽ നിൽക്കവേയായിരുന്നു ആക്രമണം. പ്രതികളായ സഹോദരങ്ങളും രാഹുലും സുഹൃത്തുക്കളാണ്. വളർത്തുനായ്ക്കളെ പരിപാലിച്ച് വിൽക്കുന്ന രാഹുൽ ഇവയെ മൃഗാശുപത്രിയിൽ കൊണ്ടുപോകുന്നതിനായി അഭിജിത്തിന്‍റെ ഓട്ടോ പതിവായി വിളിക്കുമായിരുന്നു. കഴിഞ്ഞയാഴ്ച ഓട്ടം വിളിച്ചെങ്കിലും നായെ കയറ്റാൻ കഴിയില്ലെന്ന് പറഞ്ഞ് അഭിജിത്ത് തെറി വിളിക്കുകയും ഓട്ടം പോകാൻ വിസമ്മതിക്കുകയും ചെയ്തു. തുടർന്ന് അടുത്ത ദിവസങ്ങളിലും രാഹുലിനോട് പ്രകോപനപരമായി പെരുമാറി. തുടർന്നാണ് വെള്ളിയാഴ്ച ഉച്ചക്ക് സഹോദൻ ദേവജിത്തിനെയും അയൽവാസി രതീഷിനെയും കൂട്ടി വന്ന് രാഹുലിനെ കമ്പിവടി കൊണ്ട് തലക്കടിച്ചത്. പരിക്കേറ്റ് അബോധാവസ്ഥയിലായ നിലയിലാണ് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ കൊലപാതക ശ്രമത്തിന് കേസെടുത്ത പൊലീസ് ഒളിവിൽ പോയ മൂന്ന് പ്രതികളെയും പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ പി. ശ്രീജിത്ത്, എസ്.ഐ എം. സഹിൽ, അനിൽ, സി.പി.ഒ അജീസ്, രജിത്ത്, മഹേഷ്, രാജീവ് എന്നിവർ ചേർന്ന് അറസ്റ്റുചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.