കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിലെ ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് തിരുത്തിയ കോൺഗ്രസ് വാർഡംഗത്തിനെതിരെ ലിസ്റ്റിൽനിന്ന് പേര് തിരുത്തപ്പെട്ടയാളും, ബ്ലോക്ക് മെംബർ പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി. അടിയന്തര നടപടിയെടുത്തില്ലെങ്കിൽ സെക്രട്ടറിയെയും കേസിൽ പ്രതിയാക്കുമെന്ന് സി.പി.എം പ്രാദേശിക നേതൃത്വം.
സി.പി.എം നേതൃത്വത്തിലുള്ള പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ ഗ്രാമസഭ അംഗീകരിച്ച ലിസ്റ്റിലാണ് തിരിമറി നടന്നത്. ലിസ്റ്റിലെ ഒന്നാംസ്ഥാനക്കാരിയെ മൂന്നാംസ്ഥാനത്തേക്ക് തരംതാഴ്ത്തിയത്രേ.
14-ാം പഞ്ചവത്സര പദ്ധതിയിൽ 2023-24 സാമ്പത്തിക വർഷത്തിലെ 101/ 24 (ഫയൽ നമ്പർ A3/3033/23) ‘വീട് വാസയോഗ്യമാക്കൽ’ ജനറൽ വിഭാഗത്തിന് ഇക്കഴിഞ്ഞ ഏപ്രിൽ 26ലെ ഗ്രാമസഭ യോഗത്തിൽ അംഗീകരിച്ചിരുന്നു. ലിസ്റ്റിൽ ഒന്നാം പേരുകാരിയായി ഗ്രാമസഭ അംഗീകരിച്ചത് ആനന്ദവല്ലി ഡി മുളംകുന്നിൽ വീട് ഊമൺപള്ളിക്കര എന്ന ഗുണഭോക്താവിനെയാണ്.
ഈ ഗ്രാമസഭ യോഗത്തിൽ ബ്ലോക്ക് മെംബർ എൻ. സരളമ്മയടക്കം ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. ആനന്ദവല്ലിക്ക് മെയിൻറനൻസ് തുക കിട്ടാതെ വന്നതോടെ ഇവർ സരളമ്മയെ സമീപിക്കുകയായിരുന്നുവത്രേ. ഇവരുടെ അന്വേഷണത്തിലാണ് ലിസ്റ്റിലെ ഒന്നാംപേരുകാരി മൂന്നാംസ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടതായും, ചിറ്റിലഴികം മുളംകുന്നിൽ വീട്ടിൽ വിജി എസ്.ആർ ഒന്നാം പേരുകാരിയായി ചേർക്കപ്പെട്ടതും കണ്ടെത്തിയത്.
മുൻഗണന പ്രകാരമുള്ള ലിസ്റ്റ് തയാറാക്കിയതിന് നേതൃത്വം നൽകിയത് സി.ഡി.എസ് അംഗമായ ഉഷയാണ്. എന്നാൽ ഇവരുമായി ബന്ധപ്പെട്ടപ്പോൾ വിജി എസ്. ആർ എന്നൊരപേക്ഷക വീട് വാസയോഗ്യമാക്കൽ പദ്ധതിയിലേക്ക് അപേക്ഷ നൽകിയിട്ടില്ലെന്നും അന്നേദിവസം ഗ്രാമസഭ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും അറിയാൻ കഴിഞ്ഞതായി സരളമ്മ പറയുന്നു.
ഗ്രാമസഭ തയാറാക്കി പഞ്ചായത്ത് സെക്രട്ടറിയെ ഏൽപിച്ച ലിസ്റ്റ് എങ്ങനെ പുറത്തുപോയെന്നും ആ ലിസ്റ്റ് വൈറ്റ്നർ ഉപയോഗിച്ച് തിരുത്തപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. മാത്രമല്ല, വാർഡ് മെംബർ ഷൈജയാണ് ഇതിന് പിന്നിലെന്നും ഇവർക്കെതിരെ അടിയന്തരനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.അതേസമയം ലിസ്റ്റ് തിരുത്തിയത് ആരെന്ന് തനിക്കറിയില്ലെന്നും ലിസ്റ്റ് തയാറാക്കിയതോ അത് സൂക്ഷിക്കുന്നതോ താനല്ലെന്നും വാർഡ് മെംബർ ഷൈജ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.