കിളിമാനൂർ: പ്രായമായ സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിക്കുന്ന കേസിലെ പ്രതിയെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സൗത്ത് തൃപ്പൂണിത്തുറ ഏരൂർ ഓച്ചേരി ഹൗസിൽ സുജിത്ത് (40) ആണ് അറസ്റ്റിലായത്. പ്രായമായ സ്ത്രീകളുടെയടുത്ത് പരിചയക്കാരനെ പോലെയെത്തി ആക്രമിച്ച് മാലപൊട്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞദിവസം മേലേ പുതിയകാവ് കലാഭവനിൽ വീടിന്റെ മുറ്റത്ത് നിന്ന ചന്ദ്രിക(69)യുടെ മാല ഇയാൾ പൊട്ടിച്ച് കടന്നു. കവർച്ചക്കിടെ വീണ് ചന്ദ്രികയുടെ കൈ ഒടിഞ്ഞ് ഗുരുതര പരിക്കേറ്റു. പുറത്ത് സ്റ്റാർട്ട് ചെയ്തുനിർത്തിയിരുന്ന ഇരുചക്ര വാഹനത്തിൽ ഇയാൾ രക്ഷപ്പെട്ടു. കഴിഞ്ഞ ഒക്ടോബറിൽ കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം അയ്യപ്പൻകാവ് നഗർ റോഡിൽ കുന്നുവിളവീട്ടിൽ പൊന്നമ്മ (85)യെ ആക്രമിച്ച് മാലപൊട്ടിച്ചതും ഇയാളാണെന്ന് തെളിഞ്ഞു.
റൂറൽ ജില്ല പൊലീസ് മേധാവി ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മാല പൊട്ടിക്കാനായി ഉപയോഗിച്ച ടുവീലർ പരവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച് എറണാകുളത്തേക്കും അവിടെ നിന്നും തൃശൂരിലേയ്ക്കും ഇയാൾ രക്ഷപ്പെട്ടിരുന്നു. ചാലക്കുടിക്ക് സമീപം മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ നിന്നാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്. കിളിമാനൂർ ഇൻസ്പെക്ടർ എസ്. സനൂജ്, സബ് ഇൻസ്പെക്ടർ വിജിത് കെ. നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.