കിളിമാനൂർ: പിതാവും മാതാവും ബന്ധുക്കളുമൊക്കെ ജന്മദിനത്തിലും മറ്റുമായി നൽകിയ നാണയത്തുട്ടുകൾ കുടുക്കയിൽ സൂക്ഷിച്ച കുരുന്നുകൾ അവ ആദ്യമായി പൊട്ടിച്ചു, സ്കൂളും പഠനവും ജീവിതവും വഴിമുട്ടി നിൽക്കുന്ന വയനാട്ടിലെ കൂട്ടുകാർക്കായി. കിളിമാനൂർ ഗവ.എൽ.പി.എസിലെയും നാവായിക്കുളം കിഴക്കനേല ഗവ.എൽ.പി.എസിലെയും രണ്ടാം ക്ലാസുകാരായ രണ്ട് വിദ്യാർഥികളാണ് തങ്ങളുടെ ജീവിതത്തിലെ 'ആദ്യ സമ്പാദ്യം' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുട്ടികളെ ടീവിയിൽ കണ്ടപ്പോൾ അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന താൽപര്യം മതാപിതാക്കളെ അറിയിക്കുകയായിരുന്നു കിഴക്കനേല ഗവ.എൽ.പി.എസിലെ രണ്ടാം ക്ലാസുകാരൻ വസുദേവ് നാരായൺ. ഓണത്തിന് സൈക്കിൾ വാങ്ങാൻ കുടുക്കയിൽ സ്വരൂപിച്ച സമ്പാദ്യം മുഴുവൻ സ്കൂൾ അസംബ്ലിയിൽവെച്ച് പ്രഥമാധ്യാപികക്ക് കൈമാറി. കുടുക്ക ഏറ്റുവാങ്ങി പൊട്ടിച്ച് എണ്ണി നോക്കിയപ്പോൾ 1939 രൂപ ഉണ്ടായിരുന്നതായി അധ്യാപിക പറഞ്ഞു. കിഴക്കനേല ശ്രീമംഗലത്തിൽ അഭിജിത് കൃഷ്ണ- ശിൽപ ദമ്പതികളുടെ മകനാണ് വസുദേവ് നാരായൺ.
കഴിഞ്ഞദിവസം ടിവിയിൽ സമാനമായ വാർത്ത കാണുമ്പോഴാണ് തന്റെ ചെറു സമ്പാദ്യം മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകണമെന്ന് കിളിമാനൂർ ഗവ. എൽ.പി.എസിലെ വിദ്യാർഥിനി നവമിക്ക് തോന്നിയത്. ആറുമാസം മുമ്പ് ഓണത്തിന് കളിപ്പാട്ടം വാങ്ങാനായാണ് ചെറുനാണയത്തുട്ടുകൾ സമാഹരിക്കാൻ തുടങ്ങിയത്. സി.പി.ഐ കിളിമാനൂർ മണ്ഡലം കമ്മിറ്റി അംഗമായ എസ്. സജി കുമാറിന്റെ യും സിമിയുടെയും മകളാണ് നവമി. സി.പി.ഐ നേതൃത്വത്തിൽ രണ്ടുദിവ സമായി നടക്കുന്ന ധനസമാഹരണത്തിൽ നവമി സമ്പാദ്യ കുടുക്ക കൈമാറി. സി.പി.ഐ ജില്ല കൗൺസിൽ അംഗം ജി.എൽ. അജീഷ് സമ്പാദ്യം ഏറ്റുവാങ്ങി. സീനിയർ നേതാവ് വി. സോമരാജക്കുറുപ്പ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ബി.എസ്. റജി, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ധനപാലൻ നായർ, ജി. ചന്ദ്രബാബു, എസ്. വിധു എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.