കിളിമാനൂർ: കോവിഡ് ബാധിച്ച് മരിച്ചവവരുടെ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിൽ സർക്കാർ ആശുപത്രി ഗുരുതര വീഴ്ച വരുത്തി. സർട്ടിഫിക്കറ്റ് ലഭിക്കേണ്ട സമയം കഴിഞ്ഞിട്ടും കിട്ടാത്തത്ത് അന്വേഷിച്ചപ്പോൾ സർട്ടിഫിക്കറ്റുകൾ 'കളഞ്ഞുപോയി' എന്ന വിശദീകരണമാണ് അധികൃതർ നൽകിയത്. മരിച്ചവരിൽ ഒരാളുടെ കുടുംബം ഉന്നതർക്ക് പരാതി നൽകിയതിനെതുടർന്നുള്ള അന്വേഷണത്തിൽ എട്ട് പേരുടെകൂടി മരണ സർട്ടിഫിക്കറ്റുകൾ നഷ്ടമായെന്ന് വ്യക്തമായി.
നഗരൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നാണ് ജില്ല മെഡിക്കൽ ഓഫിസിൽ നിന്നയച്ച മരണ സർട്ടിഫിക്കറ്റുകൾ നഷ്ടമായത്. നഗരൂർ ചെമ്മരത്തുമുക്ക് കാവുവിള വീട്ടിൽ അജി, പിതാവ് ഗോപാലകൃഷ്ണൻ നായരുടെ കോവിഡ് മരണ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിരുന്നു. കോവിഡ് ചികിത്സയിലിരിക്കെ 2020 ഡിസംബർ 20 നാണ് ഗോപാലകൃഷ്ണൻ നായർ മരിച്ചത്. മരണസർട്ടിഫിക്കറ്റ് യഥാസമയം ലഭിക്കാതെ വന്നതോടെ നഗരൂർ പി.എച്ച്.സിയിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ജില്ല മെഡിക്കൽ ഓഫിസുമായി ബന്ധപ്പെട്ടു. ആഗസ്റ്റ് 15 ന് ഗോപാലകൃഷ്ണൻ നായരുടെ അടക്കം ഒമ്പത് പേരുടെ മരണ സർട്ടിഫിക്കറ്റ് തപാലിൽ അയച്ചെന്ന് വ്യക്തമായി.
ഫയൽ നമ്പർ 291/20, 629/20, 638/20, 258/21, 737/21, 2094/21, 2186/21, 2273/21, 2332/ 21 എന്നീ സർട്ടിഫിക്കറ്റുകൾ നഗരൂർ പി.എച്ച്.സിയിൽ എത്തിയെങ്കിലും നഷ്ടമായി. ഇതിൽ 638/ 20 നമ്പറിലെ ഗോപാലകൃഷ്ണൻ നായരുടെ സർട്ടിഫിക്കറ്റ് ആൽത്തറമൂട് പോസ്റ്റ് ഓഫിസിൽനിന്ന് എത്തിച്ചപ്പോൾ ആഗസ്റ്റ് 27ന് ആശുപത്രിയിലെ ക്ലർക്ക് ഏറ്റുവാങ്ങിയെന്ന് രേഖയുമുണ്ട്.
എന്നാൽ, പോസ്റ്റ് ഓഫിസിൽനിന്ന് ആശുപത്രിക്ക് കൈമാറിയ സർട്ടിഫിക്കറ്റുകൾക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. ആശുപത്രിയിൽനിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തതോടെയാണ് നടപടി ആവശ്യപ്പെട്ട് ഗോപാലകൃഷ്ണൻ നായരുടെ മകൻ അജി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ, ഡി.എം.ഒ എന്നിവർക്ക് പരാതി നൽകിയത്. സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട വിവരം മറ്റുള്ള അപേക്ഷകർ പലരും ഇതുവരെ അറിഞ്ഞിട്ടുമില്ല.
അതേസമയം, ഡി.എം.ഒ ഓഫിസിൽനിന്നെത്തിയ തപാൽ എങ്ങനെ നഷ്ടമായെന്ന് അറിയില്ലെന്ന് ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സരിഗ പ്രതികരിച്ചു. തപാൽ സാധാരണ കൈപ്പറ്റുന്നത് ക്ലർക്കാണ്. തപാൽ രജിസ്റ്ററിൽ അവ രേഖപ്പെടുത്തേണ്ടതുമാണ്. എന്നാൽ, 27 ന് തപാൽ കൈപ്പറ്റിയ ക്ലർക്ക് അവ രജിസ്റ്റർ ചെയ്തിട്ടില്ല. തപാൽ വന്ന കാര്യം തന്നെ അറിയിച്ചിട്ടുമില്ല. ഇതിനുശേഷം വന്ന മറ്റ് 17 സർട്ടിഫിക്കറ്റുകൾ യഥാസമയം ബന്ധുക്കൾക്ക് രേഖകൾ വാങ്ങി കൈമാറിയിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ നഗരൂർ പൊലീസിൽ ലോസ്റ്റ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിരുന്നു. തിങ്കളാഴ്ച കിട്ടിയ ലോസ്റ്റ് സർട്ടിഫിക്കറ്റ് ഡി.എം.ഒ ഓഫിസിൽ എത്തിച്ചെന്നും മെഡിക്കൽ ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.