കിളിമാനൂർ: നാലാം ക്ലാസ് വരെ മാത്രം സ്കൂളിൽ പഠിച്ച്, തുടർന്ന് ശാരീരിക വെല്ലുവിളികളെ തോൽപ്പിച്ച് അധ്യാപികയാവുകയും അറബിക് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്ത അധ്യാപികയെ കെ.എ.എം.എ ആദരിച്ചു.
കല്ലറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ അറബിക് അധ്യാപികയും മലപ്പുറം കുറ്റ്യാടി സ്വദേശിയുമായ സഫീനയെയാണ് കെ.എ.എം.എ കിളിമാനൂർ ഉപജില്ല കമ്മിറ്റി ആദരിച്ചത്. ശാരീരിക അവശതകൾ മൂലം നാലാം ക്ലാസിനുശേഷം ഇവർക്ക് സ്കൂളിൽ പഠിക്കാനായില്ല. പനിയുടെ രൂപത്തിൽ വന്ന പോളിയോ പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തുകയായിരുന്നു. സ്കൂളിൽ നടന്നെത്തുവാനോ വാഹനസൗകര്യമോ ഉണ്ടായിരുന്നില്ല.
ട്യൂഷൻ ആയി പഠിച്ചാണ് എസ്.എസ്.എൽ.സി ജയിച്ചത്. തുടർന്ന് പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയും കരസ്ഥമാക്കി. ഫെലോഷിപ്പോടെ ഫറൂഖ് കോ ളേജിലായിരുന്നു ഗവേഷണം. ഇതിനിടയിൽ മലപ്പുറത്ത് ഗവ. എൽ.പി, യു.പി അധ്യാപികയായി ജോലി ലഭിച്ചു. തിരുവനന്തപുരം സ്വദേശിയായ ഷെഫീക്കുമായി വിവാഹം കഴിഞ്ഞു. കഴിഞ്ഞവർഷം കിളിമാനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ അധ്യാപികയായി പ്രമോഷൻ ലഭിച്ചു.
ഇപ്പോൾ കല്ലറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയാണ്. കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രഥമാധ്യാപിക എസ്. സാഹിലാബീവിയെയും ആദരിച്ചു. കിളിമാനൂർ ഉപജില്ല പ്രസിഡൻറ് യാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന അറബി സ്പെഷൽ ഓഫിസർ എം. ഇമാമുദ്ദീൻ, ജില്ലസെക്രട്ടറി എസ്. നിഹാസ്, മുനീർ, അബ്ദുൽ കലാം, മുഹമ്മദ് ഷാ, സിമി, മുബീന, അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.