പാക്കറ്റിന് 500, പണം ഗൂഗിൾ പേ വഴി; വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്ന എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ

കിളിമാനൂർ: പള്ളിക്കലിൽ സ്കൂൾ -കോളജ് വിദ്യാർഥികൾക്ക്​ ചെറുപാക്കറ്റുകളിലാക്കി കഞ്ചാവ് വിൽപന നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റിൽ. എൻജിനീയറിങ് ബിരുദ വിദ്യാർഥികളായ ഓയൂർ പച്ചക്കോട് ടി.ആർ. മൻസിലിൽ ഹലീൽ (22), പൂയപ്പള്ളി കൈലാസം വീട്ടിൽ ഹരി (22) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞദിവസം വൈകീട്ട് മൂതല താഴെഭാഗം പള്ളിക്കൽ പുഴ പാലത്തിന് സമീപം സ്കൂൾ കുട്ടികൾക്കും മറ്റുമായി കഞ്ചാവ് നൽകുന്നതിനായി ബൈക്കിലെത്തിയപ്പോഴാണ് രണ്ടുകിലോയോളം കഞ്ചാവുമായി ഇവരെ പൊലീസ്‌ പിടി കൂടിയത്.

ഇവിടെ സ്ഥിരമായി കഞ്ചാവ് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രദേശം പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ സാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തി യത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ കഞ്ചാവ് കൂടാതെ ഇത് തൂക്കി വിൽക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസ്, ചെറിയ പായ്ക്കറ്റുകൾ, സീൽ ചെയ്യുന്നതിനുള്ള സെല്ലോടേപ്പുകൾ എന്നിവ കണ്ടെടുത്തു. ഇവരുടെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് ഇവർ കഞ്ചാവ് വിൽപനയിലേക്ക്​ തിരിഞ്ഞത്. ഇരുവരും ഏറെ നാളുകളായി കഞ്ചാവ് വിൽപന നടത്തിവരുന്നതായി പൊലീസ് പറഞ്ഞു. ആദ്യമായാണ് പൊലീസ് പിടിയിലാകുന്നത്.

സമീപ പ്രദേശത്തെ സ്കൂൾ കുട്ടികൾക്കും കോളജ് വിദ്യാർഥികൾക്കും ചെറിയ പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് നൽകുന്നത്. ഇവർക്ക് ലഭിക്കുന്ന ഓർഡർ അനുസരിച്ച് കഞ്ചാവ് സുരക്ഷിത സ്ഥലത്ത് വച്ച് കൈമാറുന്നതിനാൽ ഇവരെ പിടികൂടുക എളുപ്പമായിരുന്നില്ല. ഒരു പാക്കറ്റിന് 500 രൂപ വച്ച് ഗൂഗിൾ പേ വഴിയാണ് പലപ്പോഴും പണമിടപാടെന്നും പൊലീസ് പറഞ്ഞു.

പള്ളിക്കൽ സി.ഐ പി. ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ എം. സഹിൽ, ബാബു, അനിൽ, സി.പി.ഒമാരായ അജീസ്, ഷമീർ, സിയാസ്, രഞ്ജിത്ത്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - Engineering students arrested for selling cannabis to students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.