കിളിമാനൂർ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നിർമാണം പൂർത്തിയായ കിളിമാനൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ ഉദ്ഘാടനയോഗം വിവാദത്തിലേക്ക്. ഉദ്ഘാടനനോട്ടീസിൽനിന്ന് നിർമാണത്തിന് ഫണ്ട് അനുവദിച്ച മുൻ എം.എൽ.എയെ ഒഴിവാക്കുകയും ഫണ്ട് അനുവദിച്ച സാമ്പത്തികവർഷത്തിലടക്കം തെറ്റുകൾ വരുകയും ചെയ്തതതിലാണ് വിവാദ. നിലവിലെ എം.എൽ.എ ഓഫിസിന്റെ ഇടപെടലാണ് ഇതിനുപിന്നിലെന്നും സ്വന്തം ഫണ്ട് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടന്നതെന്നും പാർട്ടികേന്ദ്രങ്ങളിൽ ആക്ഷേപമുണ്ട്. ബുധനാഴ്ച മന്ത്രി എം.ബി. രാജേഷാണ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്.
2018-19 സാമ്പത്തികവർഷത്തിൽ അന്നത്തെ എം.എൽ.എ ബി. സത്യൻ, ആസ്തിവികസനഫണ്ടിൽനിന്ന് പഞ്ചായത്ത് ഓഫിസ് നിർമാണത്തിനായി 1.25 കോടി അനുവദിക്കുകയായിരുന്നു. കെട്ടിടത്തിന്റെ പ്രാരംഭനിർമാണപ്രവർത്തനങ്ങൾ പല കാരണങ്ങളാൽ മുടങ്ങി. കോവിഡും നിർമാണസാമഗ്രികൾക്ക് ഇരട്ടിയിലധികം വില വർധിച്ചതും നിർമാണത്തിന് പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനിടയിൽ പുതിയ നിയമസഭ തെരഞ്ഞെടുപ്പും എം.എൽ.എയുമായി. നിർമാണപൂർത്തീകരണത്തിനായി രണ്ട് ഘട്ട ങ്ങളിലായി ഒ.എസ്. അംബിക എം.എൽ.എ 40 ലക്ഷത്തോളം രൂപ മാത്രമാണ് അനു വദിച്ചത്.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പുറത്തിറക്കിയ നോട്ടീസിൽ ബി. സത്യന്റെ പേരില്ല. മാത്രമല്ല, ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബികയുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ട് എന്ന് മാത്രമാണ് അച്ചടിച്ചിരിക്കുന്നതും. പഞ്ചായത്ത് തയാറാക്കി എം.എൽ.എ ഓഫിസിന് കൈമാറിയ നോട്ടീസിന്റെ പ്രൂഫിൽ ബി. സത്യന്റെ പേരും ഫണ്ട് സംബന്ധമായ പൂർണ വിവരങ്ങളും ചേർത്തിരുന്നെത്ര. എന്നാൽ നോട്ടീസിന് അപ്രൂവൽ നൽകിയപ്പോൾ ഇവ 'വെട്ടി'യെന്നാണ് വിവരം.
സംഭവം പാർട്ടി പ്രാദേശികഘടകങ്ങളിലും ജില്ല കമ്മിറ്റിയിലുമടക്കം ചർച്ചയായതോടെ ബി. സത്യന്റെ പേര് ഉൾപ്പെടുത്തി പുതിയ നോട്ടീസ് അച്ചടിക്കാൻ പഞ്ചായത്തിനോട് എം.എൽ.എ അഭ്യർഥിച്ചതായും അറിയുന്നു. അതേസമയം, ആദ്യം അച്ചടിച്ച നോട്ടീസ് ഇതിനകം നാട്ടുകാരിൽ എത്തിക്കഴിഞ്ഞു. സംഭവത്തിൽ പാർട്ടിപ്രവർത്തകർക്ക് മാത്രമല്ല, പൊതുജനങ്ങൾക്കിടയിലും പ്രതിഷേധമുണ്ട്. പുതിയ നോട്ടീസ് ഇറക്കിയാലും ഇല്ലെങ്കിലും വിഷയം വരുംദിവസം പാർട്ടി മേൽഘടകങ്ങളിൽ വലിയ ചർച്ചകൾക്കിടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.